ലോകമെങ്ങും ഇലക്ട്രോണിക് ബാലറ്റ് ബോക്സുകൾ പോലുള്ള ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഇക്കാലത്ത് കൂടുതലും തിരഞ്ഞെടുപ്പുകൾ നടക്കുന്നത്. ലഭ്യമായതിൽ വച്ച് ഏറ്റവും ഉയർന്ന സുരക്ഷാസന്നാഹങ്ങളും ഇതിനായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ, ഈ 21-ാം നൂറ്റാണ്ടിൽ, മാർബിളുകൾ ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യമുണ്ട്, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയ.
1960- കളിൽ ആദ്യമായി നിലവിൽ വന്ന ഈ മാർബിൾ വോട്ട് സമ്പ്രദായം ഇപ്പോഴും ഇവിടെ തുടരുന്നു. രാജ്യത്തെ എല്ലാവർക്കും അവരുടെ സാക്ഷരതാ നിലവാരം പരിഗണിക്കാതെ വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുക എന്നതായിരുന്നു ഈ രീതിയുടെ ലക്ഷ്യം. 2017- ലും പിന്നീട് 2021 ഡിസംബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോഴും മാർബിളുകൾ കൊണ്ടുള്ള തിരഞ്ഞെടുപ്പിലാണ് രാജ്യത്തിൻറെ നിലവിലെ പ്രസിഡൻറ് അദാമ ബാരോ അധികാരത്തിലെത്തിയത്.
വോട്ടിങ് രീതിയിലെ പ്രത്യേകത മാത്രമല്ല, വിനോദസഞ്ചാരത്തിലും ഏറെ ശ്രദ്ധേയമാണ് ഗാംബിയ. വർഷങ്ങളായി ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഉയർന്നുകൊണ്ടേയിരിക്കുന്നു. ഗാംബിയയുടെ തലസ്ഥാന നഗരമായ ബഞ്ചുൾ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കൂടാതെ, ജുഫുറെ പട്ടണം, കാച്ചിക്കള്ളി മുതലക്കുളം, ജൻജൻബുരെ പട്ടണം എന്നിവയും നിരവധി സഞ്ചാരികളെ ആകർഷിക്കുന്നു. എന്നാൽ, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ജനപ്രീതി വർധിച്ചിട്ടും, ഗാംബിയയിലെ അടിസ്ഥാന സൗകര്യ വികസനം മന്ദഗതിയിലാണ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് ദിവസം, ഓരോ വോട്ടർക്കും സുതാര്യമായ ഒരു ഗ്ലാസ് മാർബിൾ നൽകും. വോട്ടിങ് ബൂത്തുകളിൽ പാർട്ടിയുടെ പേരും ചിഹ്നവും സ്ഥാനാർഥിയുടെ ചിത്രവുമെല്ലാം അടയാളപ്പെടുത്തിയ വലിയ ഡ്രമ്മുകൾ ഉണ്ടാകും. വോട്ടർമാർ അവരുടെ മാർബിൾ, ഒരു ട്യൂബിനുള്ളിലൂടെ അവർ തിരഞ്ഞെടുക്കുന്ന ഡ്രമ്മിലേക്ക് ഇടുന്നു. ഈ സമയത്ത് ഉച്ചത്തിലുള്ള മണി ശബ്ദം കേൾക്കാം, വോട്ട് രേഖപ്പെടുത്തി എന്നതിൻറെ അടയാളമാണ് ഈ ശബ്ദം.
മണിശബ്ദം ഉള്ളതിനാൽ ഒരു വോട്ടർ ഡ്രമ്മിൽ ഒന്നിലധികം മാർബിളുകൾ ഇട്ടാൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ അറിയാൻ കഴിയും. മാർബിൾ വീഴുമ്പോൾ മറ്റെന്തെങ്കിലും ശബ്ദം ഉണ്ടാകാതിരിക്കാൻ, ഡ്രമ്മിൻറെ അടിയിൽ മണൽ നിറച്ചിരിക്കും. കൂടാതെ, മറ്റ് ബെൽ ശബ്ദങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ, തിരഞ്ഞെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളുടെ തൊട്ടടുത്ത് സൈക്കിളുകൾക്ക് നിരോധനമുണ്ട്.
വോട്ടു ചെയ്തുകഴിഞ്ഞ ഉടനെ, അവിടെ വച്ചുതന്നെ വോട്ടുകൾ എണ്ണുന്നു. വോട്ടെടുപ്പിൻറെ അവസാനം, ഓരോ ഡ്രമ്മിൽ നിന്നുമുള്ള മാർബിളുകൾ നിശ്ചിതദ്വാരങ്ങളുള്ള പ്രത്യേക ട്രേകളിലേക്ക് ഇടുന്നു. ഓരോ ദ്വാരത്തിലും മാർബിൾ നിറഞ്ഞുകഴിഞ്ഞാൽപ്പിന്നെ എണ്ണൽ എളുപ്പമാണ്, തെറ്റുപറ്റുകയുമില്ല.
മാർബിൾ രീതിയിൽ തിരഞ്ഞെടുപ്പിലും ഫലങ്ങളിലും കൃത്രിമം കാണിക്കാൻ ബുദ്ധിമുട്ടാണ്. വോട്ടുകൾ സ്ഥലത്തുതന്നെ എണ്ണുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനവിശ്വാസവും കൂട്ടുന്നു. കൂടാതെ, ഇന്ത്യൻ വോട്ടർമാർക്കുള്ള നോട്ട പോലെ, ഏതെങ്കിലും പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്ത ആളുകൾക്കായി ഒരു അധിക ഡ്രം ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
വോട്ടെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയയും സുതാര്യവും ചെലവുകുറഞ്ഞതും സുസ്ഥിരവുമാണ്. ഗാംബിയയിൽ പ്രാദേശികമായി ലഭിക്കുന്ന മാർബിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മാത്രമല്ല, ഇവിടെത്തന്നെ ഉൽപ്പാദിപ്പിക്കുന്ന ഡ്രമ്മുകൾ, അടുത്ത തിരഞ്ഞെടുപ്പുകളിലും വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ട്. അതിനാൽ, പേപ്പർ ബാലറ്റ് സമ്പ്രദായവുമായി താരതമ്യപ്പെടുത്തുമ്പോൾ, വോട്ടെടുപ്പ് മൂലമുണ്ടാകുന്ന മലിനീകരണം വളരെ കുറവാണ്.
ഈ വോട്ടെടുപ്പ് രീതിയുടെ ബഹുമാനാർത്ഥം, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ഗാംബിയ പാർട്ടിസിപേറ്റ്സ് 2018-ൽ ‘മാർബിൾ’ എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രധാനപ്പെട്ട വോട്ടിങ് വിവരങ്ങൾ നൽകുകയും ഗാംബിയയിലെ ജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പ് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ആപ്പിൻറെ ലക്ഷ്യം.