ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതില്‍ കേരളം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് നിതി ആയോഗിന്റെ റിപ്പോര്‍ട്ട്. 2020-21 വര്‍ഷത്തെ വാര്‍ഷിക ആരോഗ്യസൂചികയില്‍ 19 വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. തമിഴ്നാട്, തെലങ്കാന എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ബിഹാര്‍ (19), ഉത്തര്‍പ്രദേശ് (18), മധ്യപ്രദേശ് (17) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ താഴെയുള്ളത്. കഴിഞ്ഞവര്‍ഷത്തെ റിപ്പോര്‍ട്ടിലും കേരളമായിരുന്നു ഒന്നാമത്.
ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ത്രിപുര ഒന്നാമതെത്തി. സിക്കിമും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. അരുണാചല്‍ പ്രദേശ് (ആറ്), നാഗാലാന്‍ഡ് (ഏഴ്), മണിപ്പുര്‍ (എട്ട്) എന്നിവയാണ് അവസാന സ്ഥാനങ്ങളിലുള്ളത്. മുന്‍ വര്‍ഷങ്ങളിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജസ്ഥാന്, ഉത്തരാഖണ്ഡ്, ഒഡിഷ എന്നിവര്‍ നില മെച്ചപ്പെടുത്തി. എട്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപാണ് ഒന്നാമത്. ഡല്‍ഹി ഏറ്റവും പിന്നിലാണ്.
നവജാതശിശുക്കളുടെ മരണനിരക്ക്, ജനനസമയത്തെ ലിംഗാനുപാതം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി 24 ആരോഗ്യ സൂചകങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്. വര്‍ഷാവര്‍ഷമുള്ള പുരോഗതിയുടെയും മുഴുവനായുള്ള പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ ആരോഗ്യ സൂചിക കണക്കാക്കുന്ന രീതി 2017-ലാണ് നിതി ആയോഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും സഹകരണത്തോടെയാണ് സൂചിക തയ്യാറാക്കുന്നത്.