വൈറ്റ് ഹൗസിന് സമീപത്തേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ സായ് വർഷിതിനെതിരെ അന്വേഷണം നടന്നുവരികയാണ്. സുരക്ഷാ ബാരിക്കേഡിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയതിന് സായ് വർഷിത് കാന്ദുലയെന്ന 19കാരനായ ഇന്ത്യൻ വംശജനെയാണ് വാഷിങ്ടൺ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയോടെയാണ് ലഫായെറ്റ് സ്ക്വയറിന്റെ വടക്ക് ഭാഗത്തുള്ള സുരക്ഷാ ബാരിക്കേഡിൽ ഇന്ത്യക്കാരൻ ട്രക്ക് ഇടിച്ചുകയറ്റിയത്. ഇയാൾ മനപൂർവമാണ് ഈ പ്രവൃത്തി ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ചുവപ്പും വെള്ളയും കറുപ്പും കലർന്ന നാസി ചിഹ്നം പതിച്ച പതാക വാടകയ്ക്കെടുത്ത വാഹനത്തിൽ നിന്ന് കണ്ടെടുത്തതായാണ് പൊലീസ് അറിയിക്കുന്നത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. അതേസമയം ട്രക്കിൽ സ്ഫോടക വസ്തുക്കളോ മറ്റ് ഉണ്ടായിരുന്നില്ലെന്നും വാഹനം ഇടിച്ചുകയറ്റുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറയുന്നു.
മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, പ്രസിഡന്റിനെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള ശ്രമം, പൊതുസ്വത്ത് നശിപ്പിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിയെ വാഷിങ്ടൺ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നുവെന്ന് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. രഹസ്യാന്വേഷണ ഏജൻസികൾ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കാന്ദുലയെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുമ്പോൾ അലറി വിളിച്ച പ്രതി, താൻ പ്രസിഡന്റിനെ അപായപ്പെടുത്തുമെന്ന് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.