കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. തെരഞ്ഞെടുപ്പ് ഫലത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ശക്തമായി തിരിച്ച് വരുമെന്നും വ്യക്തമാക്കി.
എന്നാൽ കർണാടകയിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ മാജിക് നമ്പർ മറികടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വോട്ടെണ്ണലിന്റെ തുടക്കത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എല്ലാ ബൂത്തുകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും ഗ്രൗണ്ട് റിപ്പോർട്ട് ബിജെപിക്ക് ലഭിച്ചു. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കില്ല, അതിനാലാണ് അവർ മറ്റ് പാർട്ടികളുമായി ബന്ധപ്പെടുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോള്‍ 130 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 66 സീറ്റിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. 22 സീറ്റില്‍ ജെ.ഡി.എസും മറ്റുള്ളവര്‍ 6 സീറ്റിലുമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാൽ ആരുടെയും പിന്തുണ വേണ്ട. ഒറ്റക്ക് കേവല ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ കോൺഗ്രസ്.
പ്രഖ്യാപനങ്ങളിൽ നിന്നും പിന്നോട്ട് പോയി ജെഡിഎസുമായി സഹകരണ ചർച്ചകൾ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്നത്. ആരുടേയും പിന്തുണയില്ലാതെ കോൺഗ്രസ് അധികാരത്തിലേറും. സഹകരിക്കാൻ ആരെങ്കിലും തയ്യാറായാൽ അവരുമായി മാത്രം ചർച്ച ചെയ്യുമെന്നും കോൺഗ്രസ് അറിയിച്ചു.