രണ്ടാം ഘട്ട മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ വിജയിച്ചാൽ അത് സമൂഹത്തിന് നെഗറ്റീവായ സന്ദേശമാകും നൽകുക. ബിജെപി അയോധ്യയെ വികസനത്തിന്റെ നെറുകയിൽ എത്തിക്കുമെന്നും യോഗി ആദിത്യനാഥ്.
ബിജെപിയുടെ മേയർ സ്ഥാനാർത്ഥി ഗിരീഷ് പതി ത്രിപാഠിയുടെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ ഒരു രാമഭക്തൻ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ, അത് മതിപ്പ് ഉണ്ടാക്കും. മറിച്ച് രാമഭക്തർക്ക് നേരെ വെടിയുതിർത്തവർ വിജയിച്ചാൽ നെഗറ്റീവ് സന്ദേശമാകും നൽകുക. വോട്ടർമാർ ഉത്തരവാദിത്തത്തോടെ വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു.
അയോധ്യ നമ്മുടേതാണ്, അയോധ്യയെ നാം വികസനത്തിന്റെ നെറുകയിൽ എത്തിക്കും. അയോധ്യ രാജ്യത്തിന്റെയും ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമായതിനാൽ സമഗ്ര വികസനത്തിന് ശക്തമായ ഒരു ബോർഡ് രൂപീകരിക്കേണ്ടതുണ്ട്. ശക്തമായ ഒരു ബോർഡ് രൂപീകരിക്കുമ്പോൾ വികസനം വേഗത്തിൽ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള പ്രതിസന്ധിയുടെ കാലത്ത് ലോകം പ്രധാനമന്ത്രി മോദിയെ ഉറ്റുനോക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മാറുന്ന ഇന്ത്യയുമായി നാം സഹകരിക്കണം. ജനുവരിയിൽ ശ്രീരാമന്റെ മഹാക്ഷേത്രം പൂർത്തിയാകുമ്പോൾ ഒരു കോടിയിലധികം ഭക്തർ എത്തിച്ചേരും. ഇപ്പോൾ ഇവിടെ അന്താരാഷ്ട്ര വിമാനത്താവളം പണിയുകയാണ്. ഇനി അയോധ്യയിൽ നിന്ന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
മെയ് 11 നാണ് സംസ്ഥാനത്തെ 760 തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും.