ന്യൂ ഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍ഡിഎ. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും നേരെയുള്ള അവഹേളനമാണ് നടപടിയെന്ന് ഭരണപക്ഷത്തെ പാര്‍ട്ടികള്‍ ആരോപിക്കുന്നു. തീരുമാനം പുനഃപരിശോധിക്കാന്‍ പ്രതിപക്ഷകക്ഷികള്‍ തയ്യാറാകണമെന്നും ഭരണപക്ഷത്തെ 14 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ പറയുന്നു.
” ഈ വിട്ടുനില്‍ക്കല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒരുകാലത്തും മറക്കില്ല. രാജ്യത്തിന്റെ പൈതൃകത്തെ വെല്ലുവിളിച്ച ഈ പ്രവൃത്തി ചരിത്രത്തിന്റെ ഏടുകളില്‍ നിന്ന് മായില്ല. വ്യക്തിപരമായ രാഷ്ട്രീയനേട്ടങ്ങള്ക്കപ്പുറത്ത് രാജ്യത്തെ കുറിച്ച് ചിന്തിക്കാന്‍ തയ്യാറാകൂ. ജനാധിപത്യത്തിനും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും മൂല്യം കല്‍പ്പിക്കാത്ത നടപടി രാജ്യം ഉള്‍ക്കൊള്ളില്ല” – എന്‍ഡിഎ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
”പാർലമെന്റിനെ പവിത്രമായാണ് ഇന്ത്യന്‍ ജനത കണക്കാക്കുന്നത്. പൗരന്മാരുടെ ജീവിതം നിര്‍ണയിക്കുന്ന നയരൂപീകരണത്തിന്റെ കേന്ദ്രമാണത്. തീര്‍ത്തും അനാദരവുണ്ടാക്കുന്ന പ്രതിപക്ഷനീക്കം ബൗദ്ധിക പാപ്പരത്തവും ജനാധിപത്യത്തിന്റെ സത്തയോട് നടത്തുന്ന അവഹേളനവുമാണ്” – ഭരണപക്ഷം കുറ്റപ്പെടുത്തുന്നു.
സവര്‍ക്കറിന്റെ ജന്മദിനായ മെയ് 28ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് ബുധനാഴ്ച പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കിയിരുന്നു. 19 പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന് സംയുക്തപ്രസ്താവനയും പുറത്തിറക്കി. ജനാധിപത്യത്തിന്റെ ആത്മാവിനെത്തന്നെ പാർലമെന്റിൽ നിന്ന് പറിച്ചെടുത്തുകൊണ്ടിരിക്കുമ്പോൾ ഒരു പുതിയ കെട്ടിടത്തിന് വലിയ പ്രാധാന്യമില്ലെന്ന് സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പൂർണമായും മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരം സ്വയം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം കടുത്ത അപമാനമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനത്തില്‍ നിന്നും ബിജെഡി വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിഎസ്പി, ടിഡിപി എന്നിവര്‍ വിട്ടുനില്‍ക്കും.