കർണാടകയിൽ ഭരണത്തിലെത്തിയ കോൺഗ്രസിനെ അഭിനന്ദിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സോണിയാ ഗാന്ധിയെയും രാഹുൽഗാന്ധിയെയും ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സിദ്ധരാമയ്യ, ഡി കെ ശിവകുമാർ എന്നിവർക്കും സ്റ്റാലിൽ അഭിനന്ദനം അറിയിച്ചു. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് കർണാടകയിൽ അഭിമാനം തെളിയിച്ചിരിക്കുകയാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പിലും വിജയിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം! ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 134 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 65 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. 22 സീറ്റിലാണ് ജെഡിഎസ് ലീഡ് ചെയ്യുന്നത്. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയിൽ മത്സരിച്ച സിപിഐഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ഇവിടെയും കോൺഗ്രസ് തന്നെ വിജയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീരമേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.