ഇരിട്ടി(കണ്ണൂര്‍): മാരക രോഗത്തിന്‍െ്റ വേദന മറന്ന് പരീക്ഷയെഴുതിയ അനുരഞ്ജിന് തിളക്കമാര്‍ന്ന വിജയം. ഒടുവില്‍ രോഗത്തിന് കീഴടങ്ങി വേദനയില്ലാത്ത ലോകത്തേക്ക്് മടങ്ങിയ അനുരഞ്ജിന്റെ വിജയ നേട്ടം മാതാപിതാക്കളെയും അധ്യാപകരെയും സഹപാഠികളെയും തീരാകണ്ണീരിലാഴ്ത്തി.
അര്‍ബ്ബുദ രോഗം ബാധിച്ച് ചികിത്സക്കിടെയാണ് ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി അനുരഞ്ജ് പത്താം ക്ലാസ് പരീക്ഷയെഴുതിയത്. ഏറെ പ്രതീക്ഷയോടെ ഫലം കാത്തിരുന്ന അനുരഞ്ജ് കഴിഞ്ഞ മെയ് 10നാണ് മരണപ്പെടുന്നത്.പായം ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം കൈതേരി വീട്ടില്‍ പി.വി. മനോജ് കുമാറിന്റെയും സഹിതയുടെയും മകനായ അനുരഞ്ജിന് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
തുടര്‍ന്ന് ചികിത്സ തുടരുമ്പോഴും അച്ഛന്റെ ബൈക്കില്‍ സ്ഥിരമായി പഠനം മുടക്കാതെ ക്ലാസിലെത്തിയിരുന്ന അനുരഞ്ജ് പത്താം ക്ലാസിലെത്തിയതോടെ രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായി. കാര്‍ന്നു തിന്നുന്ന വേദന കടിച്ചമര്‍ത്തിയാണ് ആ പതിനാലുകാരന് പഠനം തുടര്‍ന്നത്.
പരീക്ഷയടുത്തതോടെ രോഗത്തിന്റെ കാഠിന്യത്തെ തുടര്‍ന്ന് കൂടുതല്‍ ക്ഷീണിതനായി ആശുപത്രിയില്‍ അഡ്മിറ്റായെങ്കിലും പത്താം ക്ലാസ് പരീക്ഷ മുടക്കാതെ ആശുപത്രിക്കിടക്കയില്‍ നിന്നു പോലും പരീക്ഷാഹാളിലെത്തി പരീക്ഷയെഴുതിയിരുന്നു ആ പതിനാലുകാരന്.
പരീക്ഷയുടെ അവസാന നാളുകളില്‍ കനത്ത ചൂടിലും രോഗത്തിന്റെ കടുത്ത വേദനക്കിടയിലും കൂടുതല്‍ ക്ഷീണിതനായെങ്കിലും വിറയ്ക്കുന്ന കൈകളോടെ ഉറച്ച മനസ്സില്‍ മുഴുവന്‍ പരീക്ഷയുമെഴുതിയാണ് അനുരഞ്ജ് വീണ്ടും ആശുപത്രിയിലെത്തിയത്.
ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മെയ് 10ന് മരണപ്പെടുന്നത്.ആശുപത്രിക്കിടക്കയിലിരുന്നും തന്റെ വിജയത്തെക്കുറിച്ചും തുടര്‍ പഠനത്തെക്കുറിച്ചും മാതാപിതാക്കളോടും തന്നെ കാണാനെത്തിയ ബന്ധുക്കളോടും ആ ബാലന് തന്റെ സ്വപ്നങ്ങള്‍ പങ്കുവെച്ചിരുന്നു. വിജയത്തിന്റെ പുലരി സ്വപ്നം കണ്ടിരുന്ന അനുരഞ്ജ് അതിനു മുന്‍പേ യാത്രയായി മരണത്തിന്റെ ഇരുണ്ട ലോകത്തേക്ക്.
അയല്‍വാസികളും സുഹൃത്തുക്കളും അവരുടെ മക്കളുടെ വിജയം ആഘോഷിക്കുമ്പോള്‍. വിടരും മുമ്പേ കൊഴിഞ്ഞു പോയ തങ്ങളുടെ മകന്റെ വിജയമാഘോഷിക്കാന്‍ കഴിയാതെ അവന്റെ വേര്‍പാടില്‍ വിതുമ്പുകയാണ് അനുരഞ്ജിന്റെ മാതാപിതാക്കള്‍