അക്രമി കാട്ടാനകളെ മയക്കുവെടി വെച്ച് പ്രശസ്തനായ വെറ്ററിനറി ഡോ. അരുൺ സക്കറിയക്കായി സർക്കാർ വകുപ്പുകൾ തമ്മിൽ പിടിവലി. നിലവിൽ വനംവകുപ്പിലുള്ള അരുൺ സക്കറിയയുടെ ഡെപ്യൂട്ടേഷൻ നീട്ടണമെന്ന ആവശ്യം മൃഗസംരക്ഷണ വകുപ്പ് തള്ളി. പരാതിയുമായി വനംവകുപ്പ് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമായില്ല
അരിക്കൊമ്പൻ, പിടി സെവൻ കാട്ടാനകളെ മയക്കുവെടിവെച്ച് തളച്ച ഡോക്ടർ, വന്യജീവി ദൗത്യങ്ങളിൽ വനംവകുപ്പിന്റെ രക്ഷകൻ തന്നെയാണ്. മലയാളികൾക്ക് ചിരപരിചിതനായ ഡോ. അരുൺ സക്കറിയ മൃഗസംരക്ഷണവകുപ്പിലെ വെറ്റിനറി ഡോക്ടറാണ്. അഞ്ച് വർഷത്തിലേറെയായി വനംവകുപ്പിനൊപ്പമുള്ള ഡോക്ടറുടെ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടണമെന്നാണ് ആവശ്യം.
പ്രത്യേക അനുമതിക്കായി വനംവകുപ്പ് നൽകിയ അപേക്ഷ മൃഗസംരക്ഷ വകുപ്പ് മടക്കി. പകരം കണ്ണൂരിലെ മറ്റൊരു വെറ്റിനറി ഡോക്ടറുടെ പേരും നിർദേശിച്ചു. അസാധരണമായി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്ന ഈ സമയത്ത് അരുൺ സക്കറിയയെ തന്നെ വേണമെന്നാണ് വനംവകുപ്പിൻറെ നിലപാട്. ലോകോത്തര പരിശീലനവും അന്താരാഷ്ട്ര ബന്ധങ്ങളുമുള്ള ഡോക്ടറുടെ സേവനം ഈ ഘട്ടത്തിൽ അത്യാവശ്യമെന്നും വനംവകുപ്പ് പറയുന്നു.
വിഷയം വനംവകുപ്പ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ മുഖ്യമന്ത്രി മൃഗസംരക്ഷണ വകുപ്പിനോട് അഭിപ്രായം തേടി. ആഴ്ച്ചകളായിട്ടും മൃഗസംരക്ഷണവകുപ്പ് ഇതിന് മറുപടി നൽകിയിട്ടില്ല. സിപിഐ അനുഭാവിയായ കണ്ണൂരിലെ ഡോക്ടറെ പ്രധാന സ്ഥാനത്ത് കൊണ്ട് വരാനുള്ള നീക്കമാണ് മൃഗസംരക്ഷണവകുപ്പിൽ നടക്കുന്നതെന്ന് ആരോപണമുണ്ട്. നേരത്തെ ഒരുമിച്ച് ഭരിച്ചിരുന്ന വനം, മൃഗസംരക്ഷ വകുപ്പുകൾ രണ്ടാം പിണറായി മന്ത്രിസഭയിൽ രണ്ട് മന്ത്രിമാർക്ക് നൽകിയതിൽ ചില അസ്വസ്ഥതകൾ ഇപ്പോഴും തുടരുകയാണ്.