വാഷിങ്ടണ്‍: കൃത്രിമബുദ്ധിയുടെ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തി യു.എസ് ശതകോടീശ്വരന്‍ വാരന്‍ ബഫറ്റ്. എ.ഐ ആണവബോംബിന്റെ കണ്ടുപിടിത്തം പോലെയാകുമെന്ന് അദ്ദേഹം പറഞ്ഞു. നെബ്രാസ്കയിലെ ഒമഹയില്‍ നടന്ന ബേര്ക്ക്ഷയര് ഹാത്തവേയുടെ വാര്‍ഷിക യോഗത്തിലാണ് വാരന്‍ ബഫറ്റിന്റെ അഭിപ്രായപ്രകടനം. ‘ഒരു സാധനത്തിന് എല്ലാം ചെയ്യാനാകുമെന്ന കാര്യം എന്നെ അല്പം ആശങ്കപ്പെടുത്തുന്നതാണ്. ആ കണ്ടുപിടിത്തം ഇല്ലാതാക്കന്‍ നമുക്ക് കഴിയില്ല എന്നതു തന്നെ കാരണം. രണ്ടാം ലോകയുദ്ധത്തില്‍ വളരെ നല്ലൊരു കാരണത്തിനാണ് നമ്മള് ആണവ ബോംബ് കണ്ടെത്തിയതെന്ന് നിങ്ങള്‍ക്ക് അറിയിയില്ലേ?’-ബഫറ്റ് ചൂണ്ടിക്കാട്ടി.
ആണവബോംബിന്റെ കണ്ടുപിടിത്തത്തിനു ശേഷം ഐന്സ്റ്റീന് പറഞ്ഞത് മനുഷ്യന് ചിന്തിക്കുന്ന രീതിയൊഴിച്ച് എല്ലാം ഇതു മാറ്റിമറിച്ചിരിക്കുകയാണെന്നാണ്. ഇതുതന്നെയാണ് എ.ഐയുടെ കാര്യത്തിലും എനിക്ക് പറയാനുള്ളത്. എ.എ എല്ലാം മാറ്റിമറിക്കും. മനുഷ്യന്റെ ചിന്തയും പെരുമാറ്റവും മാത്രം അതിനു മാറ്റാന്‍ അതിനാകില്ല-വാറന്‍ ബഫറ്റ് കൂട്ടിച്ചേര്‍ത്തു.ബില്‍ ഗേറ്റ്സ് ആണ് എ.ഐ ഉപയോഗിച്ചുള്ള ചാറ്റ്ബോട്ട് സെര്‍ച്ച് എന്‍ജിനായ ‘ചാറ്റ്ജിപിടി’ വാറന്‍ ബഫറ്റിനു പരിചയപ്പെടുത്തുന്നത്. ചാറ്റ്ജിപിടിയുടെ വിശാലമായ സാധ്യതകളില്‍ താന്‍ ആകൃഷ്ടനായെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടര്‍ന്നായിരുന്നു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു തലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍.