കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തു നിന്നു സര്‍വീസ് നടത്തുന്ന ഉരുക്കള്‍ക്ക് മണ്‍സൂണ്‍കാല കടല്‍യാത്രാ നിയന്ത്രണം നിലവില്‍ വന്നു. ഇനി നാല് മാസം ലക്ഷദ്വീപിലേക്ക് യന്ത്രവല്‍കൃത ഉരുക്കളില്‍ ചരക്കു നീക്കമുണ്ടാകില്ല. നിയന്ത്രണം പ്രാബല്യത്തില്‍ വന്നതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം ഭാഗികമാകും.
വിവിധ ദ്വീപുകളിലേക്ക് ചരക്കു കയറ്റിയ മൂന്ന് ഉരുക്കള്‍ ബേപ്പൂരിലുണ്ട്. തുറമുഖ അധികൃതരുടെ ക്ലിയറന്‍സ് വാങ്ങി ഇവ ഇന്ന് രാത്രിയോ അല്ലങ്കില്‍ അടുത്ത ദിവസമോ തീരം വിടും. മണ്‍സൂണില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനു കീഴിലെ കപ്പലുകളില്‍ മാത്രമേ ദ്വീപിനും വന്‍കരയ്ക്കും ഇടയില്‍ ചരക്കു നീക്കമുണ്ടാകൂ. മര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് ചട്ടപ്രകാരം മേയ് 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ചെറുകിട തുറമുഖങ്ങളില്‍ ജലയാനങ്ങള്‍ക്കു യാത്രാ നിയന്ത്രണമാണ്. യാത്രാ കപ്പലുകള്‍ക്കും വിലക്ക് ഏര്പ്പെടുത്താറുണ്ടെങ്കിലും ഇക്കഴിഞ്ഞ സീസണില്‍ ബേപ്പൂരില്‍ നിന്നു ദ്വീപിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് ഉണ്ടായിരുന്നില്ല.
മണ്‍സൂണില്‍ തിന്നക്കര, സാഗര്‍ സാമ്രാജ്, സാഗര്‍ യുവരാജ്, ഏലി കല്പേനി എന്നീ ചരക്കു കപ്പലുകളിലാണു ദ്വീപിലേക്കു വേണ്ട അവശ്യ വസ്തുക്കളും ഇന്ധനവും മറ്റു നിര്‍മാണ സാമഗ്രികളും എത്തിക്കുക. ആള്‍ത്താമസമുള്ള 12 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് ബേപ്പൂരില്‍ നിന്ന് ഉരുക്കള്‍ മുഖേനയാണ് പ്രധാനമായും ചരക്കു നീക്കം. ലക്ഷദ്വീപിനും വന്‍കരയ്ക്കും ഇടയില്‍ ഏതാണ്ട് 27 ഉരുക്കള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇവയ്ക്കെല്ലാം ഇനി വിശ്രമ കാലമാണ്. ഉരുമാര്‍ഗമുള്ള ചരക്കു നീക്കം നിലയ്ക്കുന്നത് തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികളെ സാരമായി ബാധിക്കും.