‘അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ ഭയമുണ്ട്’; ടൈറ്റൻ സ്ഥാപകൻ കഴിഞ്ഞ വർഷം പറഞ്ഞത് വൈറൽ



 ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാൻ സഞ്ചാരികളുമായി പോകുമ്പോൾ കാണാതായ അന്തർവാഹിനിക്കായി തെരച്ചിൽ ഊർജിതമാണ്. ഏതാനും മണിക്കൂറുകൾ കൂടി ജീവൻ നിലനിർത്താനുള്ള ഓക്സിജൻ മാത്രമേ ടൈറ്റൻ എന്ന ഈ അന്തർവാഹിനിയിലുള്ളൂ. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ് ടൈറ്റൻ. ടൈറ്റൻ അപകടത്തിൽ പെടാൻ കാരണം വേണ്ടത്ര സുരക്ഷയില്ലാത്തതിനാലാണെന്നൊക്കെയുള്ള വിമർശനങ്ങൾ ശക്തമായിക്കൊണ്ടിരിക്കെ കഴിഞ്ഞ വർഷം, ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സിഇഒ സ്റ്റോക്ക്ടൺ റഷ് നൽകിയ ഒരു അഭിമുഖം ശ്രദ്ധേയമാവുകയാണ്

അന്തർവാഹിനി തിരികെ ഉപരിതലത്തിലെത്തുമോ എന്നതിൽ സംശയമുണ്ടെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാവുന്നത്. കഴിഞ്ഞ ഡിസംബറിൽ ‘സിബിഎസ് സൺഡേ മോണിംഗ്’ എന്ന പരിപാടിയിൽ വച്ചാണ് റഷ് ഇക്കാര്യത്തിൽ തൻ്റെ ഭയമെന്തെന്ന് വെളിപ്പെടുത്തിയത്. അന്തർവാഹിനി യാത്ര അത്ര അപകടം പിടിച്ചതല്ല. പക്ഷേ, പലകാരണങ്ങൾ കൊണ്ട് വാഹനം ജലോപരിതലത്തിൽ മടങ്ങിയെത്തുമോ എന്ന് ഭയമുണ്ട്. മീൻ വലകളോ മറ്റ് തടസങ്ങളോ ഒക്കെ കാരണമാവാം. പക്ഷേ, അവിടെയൊക്കെ പൈലറ്റിങ്ങ് വൈദഗ്ധ്യം തുണയ്ക്കെത്തും. ശ്രദ്ധിച്ച് സഞ്ചരിച്ചാൽ മതി. വേണ്ടത്ര സുരക്ഷ എടുത്തിട്ടുണ്ട്. സുരക്ഷ മാത്രമാണ് നോക്കുന്നതെങ്കിൽ വീട്ടിലിരുന്നാൽ പോരേ? ഒന്നും ചെയ്യരുത്. ചില അവസരങ്ങളിൽ റിസ്കെടുത്തേ മതിയാവൂ. റിസ്കെടുത്താലേ ഫലം ലഭിക്കൂ എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

അറ്റ്‌ലാന്റിക് സമുദ്രത്തിന് അടിയിൽ നിന്ന് മുഴങ്ങുന്ന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ഇതുവരെ അന്തർവാഹിനി കണ്ടെത്താനായിട്ടില്ല. അന്തർവാഹിനിക്കുള്ളിലുള്ള ആളുകളുമായി ബന്ധപ്പെടാനാകുന്നില്ലയെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. അന്തർവാഹനിയിലെ ഓക്‌സിജൻ ഇന്ന് തീരുമെന്നാണ് കരുതുന്നതെന്നും ദൗത്യ സംഘം അറിയിക്കുന്നു. ഓക്‌സിജൻ തീരുന്നതിന് മുൻപ് അഞ്ചുപേരെയും കണ്ടെത്തുക എന്നത് ഏറെ ശ്രമകരമാണ്.

ഒരു പൈലറ്റും മൂന്ന് സഞ്ചാരികളും സബ്‌മെർസിബിൾ കമ്പനിയുടെ സിഇഒയുമാണ് കാണാതാകുമ്പോൾ കപ്പലിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെയാണ് അന്തർവാഹിനി കാണാതായത്. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിംഗ്, പാകിസ്താനി ടൈക്കൂൺ ഷഹ്സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling