തിരുവനന്തപുരം: വീട്ടമ്മയുടെ മരണത്തിൽ ദുരൂഹതയേറുന്നു. മലയിൻകീഴ് ശങ്കരമംഗലം റോഡിൽ വീട്ടിനുള്ളിലാണ് ചോരയിൽ കുളിച്ച നിലയിൽ വിദ്യയെ കണ്ടെത്തിയത്. ഈ സമയത്ത് ഭർത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയിൽ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭർത്താവിൻ്റെ മൊഴി. എന്നാൽ മൊഴിയിൽ സംശയം തോന്നിയ മലയിൻകീഴ് പൊലീസ് ഭർത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. വീട്ടമ്മയായ വിദ്യയെ രക്തത്തിൽ കുളിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തുകയായിരുന്നു. വിദ്യയുടെ അച്ഛൻ തന്നെയാണ് ഈ വിവരം പൊലീസിൽ അറിയിച്ചത്. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ ക്ഷീണിതയായി മുറിയിൽ കിടക്കുന്നത് കണ്ടു. പിന്നീട് ടിവി കാണാൻ പോവുകയായിരുന്നു. അതിനുശേഷം വൈകുന്നേരം അച്ഛൻ വീട്ടിലെത്തിയപ്പോൾ അമ്മയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെന്നും സമീപത്ത് അച്ഛൻ ഇരിക്കുകയായിരുന്നുവെന്നും മകൻ പറഞ്ഞതായി വിദ്യയുടെ കുടുംബം പറയുന്നു. വിദ്യയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതൽ പരിശോധനക്ക് ശേഷമേ സംഭവത്തിൽ കൃത്യതയുണ്ടാവൂ. സ്ഥലത്ത് ഫോറൻസിക് പരിശോധന നടന്നുവരികയാണ്.
അതേസമയം, വിദ്യയുടെ മരണത്തിൽ സംശയമുണ്ടെന്ന് അച്ഛൻ ഗോപൻ പറഞ്ഞു. മകളെ നിരന്തരം ഭർത്താവ് ശല്യം ചെയ്യാറുണ്ട്. അതിന്റേ പേരിൽ രണ്ടു മൂന്നു കേസുകളും നിലവിലുണ്ട്. മകളെ ഉപദ്രവിച്ച കേസിൽ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് നൽകിയിരുന്നു. അതു കൊണ്ടുതന്നെ ഈ വിഷയത്തിൽ സംശയമുണ്ട്. ബാത്ത്റൂമിൽ വീണതാണെങ്കിൽ ആംബുലൻസ് വിളിക്കുകയോ എന്നെ വിളിക്കുകയോ ചെയ്യുമായിരുന്നില്ലേയെന്നും അച്ഛൻ ചോദിക്കുന്നു.
0 അഭിപ്രായങ്ങള്‍