ഒട്ടിപ്പിടിച്ച തലകളുമായുള്ള ദുരിതജീവിതം ഇനിയില്ല; സല്‍മയെയും സാറയെയും ഡോക്ടര്‍മാര്‍ വിജയകരമായി വേര്‍പ്പെടുത്തി
 റിയാദ്: തലകൾ തമ്മിൽ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച ഈജിപ്ഷ്യൻ ഇരട്ടകളെ സൗദി അറേബ്യയിൽ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. റിയാദിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ 17 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷമാണ് സൽമയും സാറയെയും വേർപെട്ടത്. 

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരമായിരുന്നു ശസ്ത്രക്രിയ നടത്തിയതെന്ന് മെഡിക്കൽ സംഘം തലവനും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ സൂപർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅ പ്രസ്താവനയിൽ പറഞ്ഞു.
കൺസൾട്ടൻറുമാർ, സ്‍പെഷ്യലിസ്റ്റുകൾ, സപ്പോർട്ട് സ്റ്റാഫ്, നഴ്സുമാർ എന്നിവരടങ്ങുന്ന 31 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 

2021 നവംബർ 23നാണ് സയാമീസ് ഇരട്ടകളായ സല്‍മയും സാറയും സൗദി അറേബ്യയില്‍ ആദ്യമായി എത്തിയത്. നിരവധി  പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. അൽ റബീഅ പറഞ്ഞു. പീഡിയാട്രിക് ന്യൂറോ സർജറി വിദഗ്ധൻ ഡോ. മുഅതസിം അൽ-സൗബി, പ്ലാസ്റ്റിക് സർജറി വിദഗ്ധൻ ഡോ. മുഹമ്മദ് അൽ ഫൗസാൻ, പീഡിയാട്രിക് അനസ്തേഷ്യ വിദഗ്ധൻ ഡോ. നിസാർ അൽ സുഗൈബി എന്നിവരുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം നാല് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. 

ആഴ്ചകളുടെ ഇടവേളയിൽ നടത്തിയ ഈ ശസ്ത്രക്രിയകളിൽ ഒടുവിലത്തേത് പൂർത്തിയാക്കാനാണ് 17 മണിക്കൂർ വേണ്ടിവന്നത്. മൊത്തം ശസ്ത്രക്രിയകള്‍ക്ക് 57 മണിക്കൂർ വേണ്ടിവന്നു. സൗദി അറേബ്യയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായി 33 വർഷത്തിനിടെ 23 രാജ്യങ്ങളിൽ നിന്നുള്ള 130 സായാമീസുകളെ ഇത്തരത്തിൽ വേർപെടുത്തിയിട്ടുണ്ട്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling