നിറയെ ബിഎംഡബ്ല്യു, ബെൻസ്; 3800 കാറുകളുമായി പുറപ്പെട്ട കപ്പൽ നിന്ന് കത്തുന്നു, നഷ്ടം കോടികളുടേത്

ആംസ്റ്റര്‍ഡാം: ആഡംബര കാറുകളുമായി പുറപ്പെട്ട കപ്പൽ യാത്രക്കിടെ തീപിടിച്ച് നശിക്കുന്നു. നെതർലൻഡ്സ് തീരത്താണ് ബുധനാഴ്ച മുതൽ 3800 കാറുകളുമായി പുറപ്പെട്ട കപ്പലിന് തീപിടിച്ചത്. കപ്പലിൽ‌ ആഡംബര കാറുകളായ ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് കാറുകളുൾപ്പെടെയുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ കപ്പലിലെ ജീവനക്കാരിലൊരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പൽ കത്തിക്കൊണ്ടിരിക്കുകയാണെനന്നും ഉടൻ തീയണയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡച്ച് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. ജീവനക്കാരെ എയർലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കപ്പലിന് തീപിടിച്ചതിനെ തുടർന്ന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണുണ്ടാകുകയെന്ന് അധികൃതർ പറഞ്ഞു. കപ്പലിലെ തീ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണെന്നും സ്ഥിതി ​ഗതികൾ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണെന്നും തീരസംരക്ഷണ വക്താവ് പറഞ്ഞു. തീ പൂർണമായി അണയ്ക്കാതെ രക്ഷാ പ്രവർത്തനം സാധ്യമല്ലെന്ന് ഡച്ച് ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ മാനേജ്‌മെന്റ് മന്ത്രാലയം അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പനാമയിൽ നിന്ന് പുറപ്പെട്ട കപ്പൽ ജർമ്മൻ തുറമുഖമായ ബ്രെമർഹാവനിൽ നിർത്തിയ ശേഷം ഈജിപ്തിലെ പോർട്ട് സെയ്ഡിലേക്ക് യാത്ര ചെയ്യവെയാണ് തീപിടിത്തമുണ്ടായതെന്ന് കപ്പൽ ട്രാക്കിംഗ് ഡാറ്റയെ അടിസ്ഥാനമാക്കി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ജാപ്പനീസ് കമ്പനിയായ ഷൂയി കിസെൻ കൈഷ ലിമിറ്റഡാണ് കപ്പലിന്റെ ഉടമസ്ഥർ. കപ്പലിന്റെ അന്തിമ ലക്ഷ്യസ്ഥാനം സിംഗപ്പൂരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡച്ച് കോസ്റ്റ് ഗാർഡിന് ലഭിച്ച വിവരമനുസരിച്ച് 3,783 വാഹനങ്ങളും മറ്റു യന്ത്രഭാ​ഗങ്ങളും 25 ഇലക്ട്രിക് വാഹനങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. ഇക്കാര്യം കപ്പലിന്റെ ചാർട്ടറും ഓപ്പറേറ്ററുമായ കവാസാക്കി കിസെൻ കൈഷ ലിമിറ്റഡും സ്ഥിരീകരിച്ചു. നൂറുകണക്കിന് ബിഎംഡബ്ല്യു, മിനി കാറുകളും ഏകദേശം 300 മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളും കപ്പലിലുണ്ടെന്ന് കമ്പനികളുടെ പ്രതിനിധികൾ സ്ഥിരീകരിച്ചു. ഫോർഡ് മോട്ടോർ കമ്പനി, സ്റ്റെല്ലാന്റിസ് എൻവി, റെനോ എസ്എ, നിസാൻ മോട്ടോർ എന്നീ കമ്പനികളുടെ കാറുകൾ കപ്പലില്ലെന്ന് കമ്പനി വക്താക്കൾ പറഞ്ഞു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച വാഡൻ സീ പ്രദേശത്തിന് സമീപമാണ് ചരക്ക് കപ്പൽ സഞ്ചരിച്ചിരുന്നത്. എണ്ണ ചോർച്ച ഉണ്ടായാൽ അപകട സാധ്യത വളരെ അധികമാണെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം യുഎസിലേക്ക് 4,000 ഫോക്‌സ്‌വാഗൺ വാഹനങ്ങളുമായി പോവുകയായിരുന്ന രക്ക് കപ്പലിന് അറ്റ്‌ലാന്റിക്കിൽ തീപിടിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling