വിമാനയാത്രയ്ക്കിടെ യുവ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 47കാരനായ പ്രൊഫസര്‍

ദില്ലി: വിമാന യാത്രയ്ക്കിടെ സഹയാത്രികയായ 24 കാരി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച 47കാരനായ പ്രൊഫസര്‍ പിടിയില്‍. ദില്ലി മുംബൈ വിമാനയാത്രയ്ക്കിടെയാണ് വനിതാ ഡോക്ടര്‍ക്കെതിരെ പീഡനശ്രമം ഉണ്ടായത്. ബുധനാഴ്ചയാണ് സംഭവമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തില്‍ യുവ ഡോക്ടറുടെ തൊട്ട് അടുത്ത സീറ്റിലായിരുന്നു പ്രൊഫസര്‍ ഇരുന്നത്. ദില്ലിയില്‍ നിന്ന് പുലര്‍ച്ചെ 5.30ന് പുറപ്പെട്ട മുംബൈ വിമാനത്തിലാണ് യുവതി അപമാനിക്കപ്പെട്ടത്. അനാവശ്യമായ രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കാനും കടന്നുപിടിക്കാനും പ്രൊഫസര്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുമ്പോഴായിരുന്നു സംഭവം. സഹയാത്രികന്‍റെ പീഡനശ്രമത്തെ യുവതി ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതോടെ വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഇടപെടുകയായിരുന്നു. മുംബൈയില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ട് പിന്നാലെ വിമാനത്തിലെ ക്രൂ പൊലീസ് സഹായം തേടുകയായിരുന്നു. സംഭവത്തില്‍ പ്രൊഫസര്‍ക്കെതിരെ പീഡനശ്രമത്തിന് കേസ് എടുത്ത് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. അടുത്തിടെയായി സഹയാത്രികര്‍ക്ക് നേരയുള്ള അതിക്രമ സംഭവങ്ങള്‍ വിമാനയാത്രയ്ക്കിടെ വര്‍ധിക്കുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. 2022 നവംബര്‍ 22 ഒരു യുവാവ് 70കാരിയായ സഹയാത്രികയ്ക്ക് നേരെ സ്വകാര്യ ഭാഗങ്ങളുടെ പ്രദര്‍ശനം നടത്തിയിരുന്നു. ന്യൂയോര്‍ക്ക് ദില്ലി എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു ഈ അതിക്രമം നടന്നത്. 2022 ഡിസംബറില്‍ സഹയാത്രികയുടേ ദേഹത്ത് യുവാവ് മൂത്രമൊഴിച്ചിരുന്നു. പാരീസ് ദില്ലി യാത്രയിലായിരുന്നു സംഭവം. ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക വിഭാഗം രൂപീകരിക്കണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്‍ററി കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling