സ്വന്തമായി പെട്ടി ഓട്ടോ ഇല്ല, ഓടിക്കാനും അറിയില്ല; വ്യാജ മൊഴി നൽകി കുടുക്കാനാണ് അഫ്സാനയുടെ ശ്രമമെന്ന് നസീർ

പത്തനംതിട്ട: നൗഷാദ് തിരോധാന കേസിൽ നിരപരാധികളെ വ്യാജ മൊഴി നൽകി കുടുക്കാനാണ് അഫ്സാന ശ്രമിക്കുന്നതെന്ന് നസീർ. നൗഷാദിനെ ഒരുതവണ ജോലിക്കായി ഒപ്പം കൊണ്ടുപോയിട്ടുണ്ട്. അല്ലാതെ മറ്റു പരിചയം ഇല്ലെന്ന് നസീർ പറഞ്ഞു. തന്റെ പെട്ടി ഓട്ടോയിൽ മൃതദേഹം കൊണ്ടുപോയെന്ന് അഫ്സാന പറയുന്നത് പച്ചക്കള്ളമാണ്. സ്വന്തമായി പെട്ടി ഓട്ടോയും ഇല്ല. വാഹനം ഓടിക്കാനും അറിയില്ല. നിരപരാധികളെ വ്യാജ മൊഴി നൽകി കുടുക്കാനാണ് അഫ്സാന ശ്രമിക്കുന്നതെന്നും കേസിൽ പൊലീസ് ചോദ്യം ചെയ്ത നസീർ പറഞ്ഞു. പത്തനംതിട്ട പരുത്തിപ്പാറയിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ഭാര്യ അഫ്സാന, താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് പറഞ്ഞെങ്കിലും മൃതദേഹം എവിടെ എന്ന കാര്യത്തിൽ പൊലീസിനെ കബളിപ്പിക്കുന്ന മൊഴികളാണ് നൽകിയത്. ഇവർ താമസിച്ച വാടക വീട്ടിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. റിമാൻഡിലുള്ള അഫ്സാനയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത നീങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യം മോഡൽ കൊലപാതകം എന്ന് പൊലീസുകാർ പറയുന്നുണ്ടെങ്കിലും ഒരു തുമ്പും കിട്ടാത്ത കേസിൽ അന്വേഷണം വഴിമുട്ടിയ അവസ്ഥയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെയാണ് അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കണ്ടെത്താൻ വൻ സന്നാഹത്തോടെ പൊലീസ് ഇറങ്ങി. നൗഷാദിനെ കാണാതായെന്ന് പറയപ്പെടുന്ന പറക്കോട് പരുത്തിപ്പാറയിലെ വീട്ടിലും പരിസരത്തും പൊലീസ് പരിശോധന നടത്തി. പള്ളി സെമിത്തേരിയിൽ മൃതദേഹം ഉണ്ടെന്നാണ് അഫ്സാന ആദ്യം പറഞ്ഞത്. പൊലീസ് പരിശോധിച്ചു. ഒന്നും കണ്ടെത്തിയില്ല. വാടക വീടിന്‍റെ സെപ്റ്റിക് ടാങ്ക് വരെ ഇളക്കി നോക്കി. അവിടെ നിന്നും ഒന്നും കിട്ടിയില്ല. പിന്നീട് മുറിക്കുള്ളിൽ കുഴിയെടുത്ത് മൃതദേഹം കുഴിച്ചുമൂടിയെന്നായി അഫ്സാന. തറ കുത്തി പൊളിച്ച് പൊലീസ് നോക്കി. അവിടെയും മൃതദേഹം ഇല്ല. പിന്നീട് അഫ്സാന പൊലീസിനെ പറമ്പിലാകെ ഓടിച്ചു. കുഴി എടുത്ത് മടുത്ത പൊലീസ് സംഘം ഒടുവിൽ പണി മതിയാക്കി. മൃതദേഹം തേടി പൊലീസ് വീടും പരിസരവും അരിച്ചു പെറുക്കുമ്പോൾ നാട്ടുകാരും ഒപ്പം കൂടിയിരുന്നു. കാത്തുനിന്ന് മടുത്തവർ സത്യത്തിൽ നൗഷാദിനെ അഫ്സാന കൊലപ്പെടുത്തിയോ? ഇനി നാളെ അയാൾ ജീവനോടെ തിരികെ വരുമോ എന്ന് വരെ ചോദിച്ചു തുടങ്ങി. ഇതോടെ പൊലീസ് അധ്വാനം അവസാനിപ്പിച്ചു. അഫ്സാനയുമായി മടങ്ങി പോയി. അഫ്സാനയെ ഇനി കൂടുതല്‍ ചോദ്യം ചെയ്ത ശേഷം വീണ്ടും പരിശോധനയ്ക്ക് ഇറങ്ങാനാണ് പൊലീസിന്‍റെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling