‘സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതിക്ക് നടപടിയെടുക്കേണ്ടിവരും’; മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ മുന്നറിയിപ്പുമായി സുപ്രിംകോടതി

 മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ഇടപെട്ട് സുപ്രിംകോടതി. സംഭവത്തെ അപലപിച്ച സുപ്രിംകോടതി, ഭരണഘടനാ പരാജയമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും നടപടി എടുക്കാനും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ സുപ്രിംകോടതിക്ക് നടപടി എടുക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പുനല്‍കി. കേസ് ഈ മാസം 28ന് പരിഗണിക്കും. മണിപ്പൂരില്‍ നിന്ന് പുറത്തുവന്ന വിഡിയോ ഞെട്ടിക്കുന്നതാണ്. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട സമയമാണിത്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയാണിതെന്നും ഡി വൈ ചന്ദ്രചൂഡ് കുറ്റപ്പെടുത്തി.

കേസില്‍ മുഖ്യപ്രതി ഹെറാദാസ് (32) തൗബല്‍ എന്നയാള്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. രണ്ട് മാസം പഴക്കമുള്ള വീഡിയോ ബുധനാഴ്ചയാണ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രചരിക്കുന്ന വീഡിയോയില്‍ കുക്കി-സോമി ആധിപത്യമുള്ള കാങ്‌പോപിയിലെ മലയോര ജില്ലയില്‍ നിന്നുള്ള, 20 ഉം 40 വയസുള്ള രണ്ട് സ്ത്രീകളാണുള്ളത്. അക്രമത്തെ തുടര്‍ന്ന് ആള്‍ക്കൂട്ടം തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു ഇവര്‍. വീഡിയോയില്‍, ഒരു കൂട്ടം ആളുകള്‍ അവരെ നഗ്നരായി റോഡിലൂടെയും വയലിലേക്ക് കൊണ്ടുപോകുന്നതും കാണാം. സ്ത്രീകളില്‍ ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുകയും ചെയ്തു. അതേസമയം പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ കുറ്റവാളികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling