ഇപ്പോൾ സിൽവർ ലൈനുമായി മുന്നിട്ടില്ല, കേന്ദ്ര പിന്തുണയില്ല, ഭാവിയിൽ അനുമതി നൽകേണ്ടി വരും: മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തത് തടസമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൽക്കാലം പദ്ധതിയുമായി മുന്നോട്ട് പോകുന്നില്ലെന്നും എന്നാൽ ഒരു കാലം ഇതിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒന്നും ഏശാതിരിക്കുമ്പോൾ കൂടുതൽ വാശിയോടെ ഇറങ്ങുകയാണ് കേന്ദ്രം. കെ റെയിലിനെ എതിർത്തവർ വന്ദേ ഭാരത് വന്നപ്പോൾ കാണിച്ചത് എന്താണ്? ജന മനസാണ് വന്ദേ ഭാരത് വന്നപ്പോൾ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയിൽ ഇടത് സർക്കാർ മാത്രം വിചാരിച്ചാൽ നടപ്പാക്കാൻ കഴിയില്ല. കേന്ദ്രം ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നില്ല. കണ്ണൂർ വിമാനത്താവളം വികസിക്കാത്തത് കേന്ദ്ര സർക്കാരിന്റെ നയം മൂലമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പുതിയ സർവീസുകൾ അനുവദിക്കില്ല എന്ന് പറയുന്നതിന് കേന്ദ്രത്തിനു പ്രത്യേക മാനസിക സുഖം ലഭിക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങൾക്കെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി. ചില മാധ്യമങ്ങള്‍ എല്ലാ നേരും നെറിയും ഉപേക്ഷിക്കുന്നു, ഏത് കാര്യത്തെയും എതിർക്കുന്നു. ജനങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസമുണ്ട്. ഈ ജനമനസ്സിനെ അട്ടിമറിക്കാൻ ശ്രമം നടക്കുകയാണ്. അതിന് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നും ഒരു നാണവുമില്ലാതെ ആ പണി ചെയ്യുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ മുഖ്യമന്ത്രിയും ഡിജിപിയും ഉൾപ്പെടെ പങ്കെടുക്കും. പൊലീസിൽ വളരെ ചെറിയ വിഭാഗം ജനകീയ സേന എന്ന മനോഭാവത്തിന് ചേരാത്ത രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ ഉള്ളവരെ സേനയിൽ നിന്ന് ഒഴിവാക്കുന്ന നടപടി എടുത്തുവരുന്നുണ്ട്. നിയമപരമല്ലാത്ത ഇടപെടൽ നടത്താൻ തുനിഞ്ഞാൽ വലിയ വില കൊടുക്കേണ്ടി വരും. പൊലീസ് സേനയുടെ അച്ചടക്കത്തിൽ വിട്ടുവീഴ്ച ഉണ്ടാകാൻ പാടില്ല. വ്യക്തി ജീവിതത്തിലും തികഞ്ഞ അച്ചടക്കം പുലർത്തണം. ദുഷ്പ്രവൃത്തി ഒരാളിൽ നിന്ന് ഉണ്ടായാൽ അത് പൊലീസിന്റെ ആകെ പ്രവൃത്തി ആയി സമൂഹം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling