കൊച്ചി: കൊച്ചിയിൽ വ്യത്യസ്തമായൊരു ജന്മദിനാഘോഷം നടന്നു, രണ്ട് വർഷം മുമ്പ് മരിച്ച് പോയ മകന്റെ കൈകളിൽ പിടിച്ച് മാതാപിതാക്കൾ പിറന്നാൾ കേക്ക് മുറിച്ചു. കേൾക്കുമ്പോൾ അതിശയകരമായി തോന്നിയാലും ആ മാതാപിതാക്കൾ ലോകത്തിന് തന്നെ മാതൃകയാണ്. മരണപ്പെട്ട കോട്ടയം സ്വദേശിയായ നെവിസിന്‍റെ കൈകളിൽ പിടിച്ച് മാതാപിതാക്കൾ രണ്ട് വർഷം കഴിഞ്ഞിട്ടും പിറന്നാൾ കേക്ക് മുറിക്കുമ്പോൾ അതിൽ മനുഷ്യ സ്നേഹത്തിന്റെ വലിയ കഥയുണ്ട്.
മരിച്ച മകന്‍റെ ജന്മദിനം മാതാപിതാക്കൾ ആഘോഷിച്ചപ്പോൾ ചടങ്ങിനെത്തിയത് നെവിസിന്റെ അവയവങ്ങളുമായി ഇന്നും ജീവിക്കുന്നവരാണ്. നെവിസിന്റെ അവയവങ്ങൾ സ്വീകരിച്ച് ആറ് പേരാണ് പുതുജീവിതത്തിലേക്ക് കടന്നത്. നെവിസിന്‍റെ ഓർമയ്ക്കായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. കൈകൾ സ്വീകരിച്ച ബസവണ്ണ കേക്ക് മുറിച്ചപ്പോൾ കണ്ട് നിന്നവർക്ക് കണ്ണ് നനയുന്ന കാഴ്ചയായി. കോട്ടയം സ്വദേശിയായ നെവിസിന്‍റെ ഇരുപത്തിയേഴാം ജന്മദിനമായിരുന്നു ഇന്ന്.
ഫ്രാൻസിൽ വിദ്യാർഥിയായിരുന്ന യുവാവ് രണ്ട് വർഷം മുമ്പാണ് മരണപ്പെട്ടത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതാതീമായി കുറയുന്നതായിരുന്നു രോഗം. ആശുപത്രിയിലെത്തിക്കുമ്പോഴും നെവിസ് പാതി മരിച്ചിരുന്നു. ഇതോടെയാണ് യുവാവിന്‍റെ രണ്ട് കൈകളും കരളും വൃക്കയും ഹൃദയവും കണ്ണുകളും ദാനം ചെയ്തത്. ഈ അവയവങ്ങൾ സ്വീകരിച്ചവരാണ് കൊച്ചി അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച ജന്മദിന ആഘോഷത്തിൽ പങ്കെടുത്തത്.
നെവിസിന്‍റെ കൈകൾ സ്വീകരിച്ച കർണാടക സ്വദേശ ബസവണ്ണ ജന്മദിന കേക്ക് മുറിച്ചു. മരിച്ച മകന് പകരമായി ആറ് മക്കളെയാണ് തങ്ങൾക്ക് കിട്ടിയതെന്ന് നെവിസിന്‍റെ മാതാപിതാക്കൾ പറയുമ്പോൾ അതിൽ അണയാത്ത സ്നേഹത്തിന്റെ വെളിച്ചം കാണാം. അവയവ ദാനത്തിലൂടെ മരിച്ച തങ്ങളുടെ മകന്‍റെ അതേ കൈകളിൽ തൊടാനും ചുംബിക്കാനുമായെന്ന് അമ്മ ഷെറിൻ പറഞ്ഞു. ബസവണ്ണയിൽ കൈകൾ മാറ്റിപ്പിടിപ്പിച്ച കൊച്ചി അമൃത ആശുപത്രിയാണ് വ്യത്യസ്തമായ ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
0 അഭിപ്രായങ്ങള്‍