പാഴ്‌സൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, പത്തിലധികം പേർക്ക് പരിക്കേറ്റു കിടങ്ങൂർ: അയർക്കുന്നം റോഡിൽ പാഴ്സൽ ലോറിയും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ച് അപകടം. പയർക്കുന്നതിനു സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. പാഴ്സൽ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പത്തോളം ബസ് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കിടങ്ങൂരിലെയും അയർകുന്നത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തല സീറ്റിന്റെ മുമ്പിൽ ഇടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. അയർക്കുന്നം കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി.

അതിനിടെ എംസി റോഡിൽ കുറിച്ചി കാലായിൽപ്പടിയിലും അപകടം ഉണ്ടായി. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശി മരിച്ചു. അപകടത്തിൽ വഴിയാത്രക്കാരായ നാലു പേർക്കും, കാറോടിച്ച തിരുവനന്തപുരം സ്വദേശിക്കും പരിക്കേറ്റു. തമിഴ്‌നാട് സ്വദേശിയായ സ്വാമി ദൊരെയാണ് മരിച്ചത്. അപകടത്തിൽപ്പെട്ട കാറോടിച്ചിരുന്ന തിരുവനന്തപുരം വിതുര സ്വദേശി വിഷ്ണുവിനും പ്രദേശവാസിയായ സിവിൽ പൊലീസ് ഓഫീസർക്കും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.

കുറിച്ചി കാലായിപ്പടിയിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു വിഷ്ണു. കാർ ഇടിച്ച് സംഭവ സ്ഥലത്ത് തന്നെ സ്വാമി ദൊരെ മരിച്ചു. പ്രഭാത സവാരി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്റെ ബൈക്കിലും കാർ ഇടിച്ചു. ഇദ്ദേഹത്തിനും പരിക്കേറ്റു. തിളച്ച പാൽ ദേഹത്ത് വീണ് തട്ടുകടയിലെ ജീവനക്കാരന് പൊള്ളലേറ്റു. നാട്ടുകാർ എല്ലാവരെയും ആശുപത്രിയിലെത്തിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling