അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ; ഒഎംജി 2 സിനിമയ്‌ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍

അക്ഷയ് കുമാര്‍ ചിത്രം ഒഎംജി 2 ചിത്രം ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്ത്. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് തുപ്പുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്‌റംഗ് ദൾ. രാഷ്ട്രീയ ഹിന്ദു പരിഷത്ത് അംഗം ഗോവിന്ദ് പരാശറിന്‍റെതാണ് പ്രഖ്യാപനം. ചിത്രത്തിന്‍റെ റിലീസിനെതിരെ കഴിഞ്ഞ ദിവസം ആഗ്രയിൽ രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തിയറ്റർ ശ്രീ ടാക്കീസിന് പുറത്ത് തടിച്ചുകൂടി സിനിമയുടെ പ്രദർശനം ഉടൻ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ അക്ഷയ് കുമാറിന്‍റെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ബജ്‌റംഗ്ദളിന്‍റെ ബ്രജ് പ്രാന്തിന്‍റെ വൈസ് പ്രസിഡന്‍റ് റൗണക് താക്കൂറിന്‍റെ നേതൃത്വത്തിൽ സിനിമാ ഹാളിനു പുറത്ത് പ്രതിഷേധക്കാർ ചിത്രത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുമ്പും വിവിധ ഹൈന്ദവ സംഘടനകളുമായി ബന്ധമുള്ള ആത്മീയ നേതാവ് സാധ്വി ഋതംഭര സിനിമയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ”ഒഎംജി2 വും സമാനമായ ബോളിവുഡ് സിനിമകളും ഹിന്ദുത്വത്തോടുള്ള കാഷ്വൽ മനോഭാവത്തിന്‍റെ അനന്തരഫലമാണ്, ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് മുന്‍പും ഉണ്ടായിട്ടുണ്ട്. ഹൈന്ദവ വിശ്വാസവുമായി കളിക്കുന്നത് ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ബോളിവുഡ് ഇത് തുടർന്നാൽ ഹിന്ദുക്കൾ റോഡിലിറങ്ങി പ്രതിഷേധിക്കും. ശിവഭക്തി ഒരു തമാശയല്ല,” സാധ്വി ഋതംഭര പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്. ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്‍റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്‍റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഒഎംജി 2 തിയറ്ററുകളിലെത്തിയത്. 2012ല്‍ പുറത്തിറങ്ങിയ ‘ഒഎംജി-ഓ മൈ ഗോഡ്’ എന്ന ചിത്രത്തിന്‍റെ സീക്വലാണ് ഒഎംജി 2. പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling