10 കുടുംബങ്ങൾക്ക് രണ്ട് കക്കൂസ്, ഒരു കിണർ, വൈദ്യുതി കെഎസ്ഇബി കട്ടാക്കി; ജീവിതം ഇരുട്ടിലായി കേരളത്തിലെ ​ഗ്രാമം

കോഴിക്കോട്: ഏത് നിമിഷവും നിലംപൊത്താറായ കൂരകളിലാണ് കോഴിക്കോട് പുതുപ്പാടിക്കടുത്ത് നാക്കിലമ്പാട് ആദിവാസി കോളനിയിലുള്ളവരുടെ ജീവിതം. വർഷങ്ങളായി ഇങ്ങനെയാണ്. നിരവധി പരാതികൾ ഉന്നയിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. 10 വീടുകൾക്ക് ആകെയുള്ളത് രണ്ട് കക്കൂസ് മാത്രം. പഞ്ചായത്ത് അധികൃതർ ആരും തിരിഞ്ഞുനോക്കാറില്ലെന്നാണ് കോളനിവാസികൾ പറയുന്നു. നിലംപൊത്താറായ കൂരകളിലാണ് നാക്കിലമ്പാട്ടിലെ പത്തോളം കുടുംബങ്ങൾ താമസിക്കുന്നത്. ഇത്രയും കുടുംബങ്ങൾക്ക് ഉപയോ​ഗിക്കാനായി രണ്ട് കക്കൂസ് മാത്രമാണുള്ളത്. വെള്ളത്തിനാകട്ടെ ഒരൊറ്റ കിണറും. അതിനിടെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതോടെ ജീവിതം കൂടുതൽ ഇരുട്ടിലായി. നല്ല വഴിയോ വാഹന സൗകര്യങ്ങളോ ഇവർക്കില്ല. രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഇപ്പോഴും ചുമന്നാണ്. മഴയിൽ വീടുകളാകെ ചോർന്നൊലിക്കുകയാണ്. പുതിയ വീടുകൾ വീടിനായി അപേക്ഷിച്ചിട്ടും നടപടിയില്ലെന്ന് ഇവർ പറയുന്നു. മഴ കനത്താൽ ഈ അമ്മമാരുടെ നെഞ്ചിൽ തീയാളുന്ന അവസ്ഥയാണ്. ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളെ വെള്ളം നനയാതെ ഒന്നുറക്കാൻ പോലും ഈ കുടിലുകളിൽ സ്ഥലമില്ല. ചാണകം മെഴുകിയ തറ, വാതിലുകൾക്ക് പകരം പഴയ തുണി എന്നിങ്ങനെയാണ് അവസ്ഥ. ഭവന പദ്ധതിക്കായി അപേക്ഷിച്ച് വർഷങ്ങൾ കഴിഞ്ഞെങ്കിലും പരിഗണനാപട്ടികയ്ക്ക് പുറത്താണ് ഈ പാവങ്ങളുടെ സ്ഥാനം. കെഎസ്‍ഇബി വൈദ്യുത കണക്ഷൻ റദ്ദാക്കിയിട്ട് മാസങ്ങളായി. വൈദ്യുതിയും ഇല്ലാതായതോടെ ജീവിതം കൂടുതൽ ദുരിതത്തിലായി. പൈപ്പുകളുണ്ടെങ്കിലും വെള്ളമില്ലെന്നതാണ് വസ്തുത. ആകെയുള്ള ഒരു കിണറിൽ നിന്നാണ് പത്ത് കുടുംബങ്ങളും വെള്ളമെടുക്കേണ്ടത്. രോഗികളെയും വൃദ്ധരെയും ആശുപത്രിയിലെത്തിക്കാൻ വഴിയില്ല. കോളനിയുടെ പേരിലുള്ള റോഡ് സ്വകാര്യവ്യക്തിയുടെ വീടിന് മുന്നിൽ അവസാനിക്കും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാഷ്‍ട്രീയക്കാരെയും പിന്നെ കാണാറില്ലെന്നും ഇവർ പറയുന്നു. എത്രയും വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടപ്പെട്ടവര്‍ ഇടപെടണമെന്നാണ് കോളനിവാസികള്‍ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling