'1.5 കോടി കടം തീർക്കണം, കുടുംബപ്രശ്നം, ഒഇടി പരീക്ഷ പാസാവണം'; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ തിയതി വച്ച് നിവേദനങ്ങൾ

പുതുപ്പള്ളി: ജീവിച്ച കാലത്ത് ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ജനപ്രവാഹം. ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നത്. വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ. ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത് ഏതാനും ദിവസങ്ങൾ മുമ്പ് വരെ നമ്മൾക്കിടയിൽ ജീവിച്ചിരുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻറെ കല്ലറയ്ക്കും ചുറ്റും കാണുന്ന ഈ കാഴ്ചകൾക്ക് ഒരു തരം അസാധാരണത്വം തോന്നിയേക്കാം. ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുകയാണ്. ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി. മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയാതെ പറയുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരെ ഇന്ന് പുതുപ്പള്ളിയിൽ കാണാന്‍ കഴിയും. കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് ഇത് മൂന്നാം തവണയാണ് അമ്പിളി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാർഥനയ്ക്ക് എത്തുന്നത്. ഇത്തവണ എത്തിയത് തനിക്ക് താമസിക്കാൻ സ്വന്തമായൊരു വീടു കിട്ടണമെന്ന അപേക്ഷ അർപ്പിക്കാനാണ്. മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിൽസയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രിയ നേതാവിന്റെ കല്ലറയിലെ പ്രാർഥനയ്ക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്പിളിയുള്ളത്. ഇതിനു മുമ്പ് രണ്ടു തവണയും പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പ്രാർഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്ന അമ്പിളിയുടെ വിശ്വാസം മിത്തോ സത്യമോ എന്നത് ഈ വാർത്ത കാണുന്നവരുടെ വിവേചനത്തിന് വിടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling