15 കോടിയുടെ വജ്രം, തോക്ക് ചൂണ്ടി തട്ടി; വര്‍ഷങ്ങളുടെ തെരച്ചില്‍, ഒടുവിൽ ഒളിപ്പിച്ചയിടം കണ്ട് ഞെട്ടി !

കൊല്‍ക്കത്ത: തോക്കിന്‍ മുനയില്‍ ഉടമയില്‍ നിന്ന് തട്ടിയെടുത്ത വജ്രം മോഷ്ടാക്കള്‍ ഒളിപ്പിച്ചു. നിരവധി തവണ നടത്തിയ തെരച്ചിലുകള്‍ ഫലം കാണാതെ വന്നതിന് പിന്നാലെ അബദ്ധത്തില്‍ പൊലീസിന് മുന്നിലേക്ക് രത്നമെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയും ജ്വല്ലറി ഉടമയുമായ പ്രണബ് കുമാര്‍ റോയി 2002 ജൂണിലാണ് ഗോല്‍കൊണ്ട ഖനിയില്‍ നിന്നുള്ള ഒരു രത്നത്തിന്‍റെ വില മതിക്കുന്നതിന് സഹായം തേടിയാണ് ബ്രോക്കറായ ഇന്ദ്രജീത് താപദാറിന്‍റെ സഹായം തേടുന്നത്. 15 കോടിയോളം വില വരുന്ന രത്നം ഇന്ദ്രജീത് തപാദാറും കൂടെ ഉണ്ടായിരുന്ന ആളും പരിശോധിക്കുന്ന രീതി ബോധ്യം വരാതെ പ്രണബ് കുമാര്‍ രത്നം തിരികെ ആവശ്യപ്പെട്ടു. എന്നാല്‍ പ്രണബ് കുമാറിനെ ഞെട്ടിച്ചുകൊണ്ട് തോക്കുമായാണ് ഇന്ദ്രജീത് മറുപടി നല്‍കിയത്. പ്രണബ് കുമാറിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ സംഘര്‍ഷമുണ്ടാക്കി ഇന്ദ്രജീത് വജ്രവുമായി കടന്നുകളയുകയായിരുന്നു. പ്രണബ്കുമാര്‍ പൊലീസ് സഹായം തേടി. അന്വേഷണം ആരംഭിച്ച് നിരവധി തവണ ഇന്ദ്രജീതിന്‍റെ താവളം കണ്ടെത്തിയ പൊലീസ് നിരവധി തവണയാണ് ഈ താവളം അരിച്ച് പെറുക്കിയത്. എന്നാല്‍ 15 കോടിയിലേറെ മൂല്യമുള്ള ആ രത്നം പൊലീസിന്‍റെ കണ്ണില്‍ നിന്ന് മറഞ്ഞു തന്നെ കിടന്നു. തുടര്‍ച്ചയായി നടന്ന തെരച്ചിലുകള്‍ക്കൊടുവില്‍ കേസ് എങ്ങുമെത്താതിരുന്ന സമയത്ത് നടത്തുന്ന തെരച്ചിലില്‍ കോണിപ്പടിയ്ക്ക് സമീപിച്ച തുരുമ്പെടുത്ത സ്വിച്ച് ബോര്‍ഡില്‍ നിന്ന് രത്നം നിലത്തു വീഴുകയായിരുന്നു. ത്രില്ലര്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്ന എല്ലാ ഘടകങ്ങളുമുള്ള രത്ന മോഷണത്തെ സത്യജിത് റേയുടെ ജോയ് ബാബാ ഫേലുനാഥിനോട് എന്ന് 1979ലെ ചിത്രത്തോട് ഉപമിച്ചതില്‍ അല്‍പം പോലും തെറ്റ് പറയാനാവില്ല. കൊല്‍കത്ത കോടതിയാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ക്ക് വേദിയായത്. അനന്ദ ശങ്കര്‍ മുഖോപാധ്യയ് ആണ് ത്രില്ലര്‍ കഥയോട് ഉപമിച്ച് വജ്ര മോഷണ കേസിന് ക്ലൈമാക്സ് തീരുമാനിച്ചത്. വജ്രം ഉടമയ്ക്ക് തിരികെ നല്‍കാനും മോഷ്ടാവിന് രണ്ട് വര്‍ഷത്തെ കഠിന തടവുമാണ് ശിക്ഷ വിധിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ രത്ന ഖനികളിലൊന്നായ ഗോല്‍കൊണ്ടയില്‍ നിന്നുള്ളതാണ് ഈ രത്നമെന്നതാണ് ഇതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling