കവയിത്രി മധുമിത ശുക്ല കൊലക്കേസ്: 17 വർഷത്തിന് ശേഷം യുപി മുൻ മന്ത്രിയും ഭാര്യയും ജയിൽ മോചിതരാകുന്നു; വിവാദം

 


വൻ കോളിളക്കം സൃഷ്ടിച്ച കവയിത്രി മധുമിത ശുക്ല കൊലക്കേസിൽ പ്രതിയും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അമർമണി ത്രിപാഠി ജയിൽ മോചിതനാകുന്നു. 17 വർഷമായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ത്രിപാഠിയെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. കൂട്ടുപ്രതിയും ത്രിപാഠിയുടെ ഭാര്യയുമായ മധുമണി ത്രിപാഠിയുടെ ശിക്ഷയും ഇളവ് ചെയ്തിട്ടുണ്ട്. ‘നല്ല നടപ്പ്’ പരിഗണിച്ചാണ് ഇവരെ വിട്ടയക്കുന്നതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

ത്രിപാഠി ദമ്പതികളുടെ മോചനത്തെ എതിര്‍ത്ത് മധുമിത ശുക്ലയുടെ സഹോദരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ത്രിപാഠിയുടെ മോചനത്തിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, എട്ട് ആഴ്ചയ്ക്കുള്ളിൽ യുപി സർക്കാരിനോട് മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ജയിലിലെ ‘നല്ല നടപ്പ്’ പരിഗണിച്ച് ഇത്തരം മോചനങ്ങൾ സാധാരണമാണെന്ന് യുപി ജയിൽ മന്ത്രി ധരംവീർ പ്രജാപതി നേരത്തെ പറഞ്ഞിരുന്നു.

‘ജയിലിൽ തടവുകാർ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മോചനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രി (യോഗി ആദിത്യനാഥ്), ഗവർണർ (ആനന്ദിബെൻ പട്ടേൽ) എന്നിവരുടെ ഉത്തരവുകൾക്ക് ശേഷമാണ് ഫയൽ നീക്കം നടക്കുന്നതും നടപടിയെടുക്കുന്നതും. ഇങ്ങനെയാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്’- ധരംവീർ പ്രജാപതി കൂട്ടിച്ചേർത്തു.

യുപിയിൽ എന്തു ക്രമസമാധാനം?: നിധി ശുക്ല
കൊലക്കേസ് പ്രതികളായ അമര്‍മണി ത്രിപാഠിയെയും ഭാര്യയേയും മോചിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും യുപി ഗവര്‍ണറും മുഖ്യമന്ത്രിയും പിന്മാറണമെന്ന് മധുമിതയുടെ സഹോദരി നിധി ശുക്ല ആവശ്യപ്പെട്ടു. അമര്‍മണി ഒരിക്കലും ജയിലില്‍ പോയിട്ടില്ലെന്ന് വിവരാവകാശ അപേക്ഷകളില്‍ പറയുന്നു. എന്തു ക്രമസമാധാനമാണ് യുപിയില്‍ ഉള്ളതെന്നും നിധി ശുക്ല ചോദിച്ചു.

എന്തായിരുന്നു മധുമിത ശുക്ല വധക്കേസ്?
2003 മെയ് 9 നാണ് കവയിത്രി മധുമിത ശുക്ല (24) കൊല്ലപ്പെട്ടത്. മധുമിതയെ ക്ലോസ് റേഞ്ചില്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ലഖ്‌നൗവിലെ നിഷാത്ഗഞ്ച് പ്രദേശത്തെ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തി. മരിക്കുമ്പോൾ ശുക്ല ഗർഭിണിയായിരുന്നു. അമർമണി ത്രിപാഠിയും മധുമിത ശുക്ലയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് അന്നത്തെ റിപ്പോർട്ടുകൾ. സ്വാഭാവികമായും ത്രിപാഠി കുറ്റാരോപിതനായി.

ത്രിപാഠി അന്ന് നാല് തവണ എം.എൽ.എയായി നിൽക്കുന്ന സമയമായിരുന്നു. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധവും വലിയ സ്വാധീനവും ഉണ്ട്. ത്രിപാഠിയുടെ സ്വാധീനം ഭയന്ന് ആരും അദ്ദേഹത്തിനെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. വളരെക്കുറച്ച് പേർ മാത്രമാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് സംസാരിക്കാൻ തയ്യാറായത്. കുഞ്ഞിൻ്റെ പിതാവ് ത്രിപാഠിയാണെന്ന് സിബിഐ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞു. ത്രിപാഠി ജുഡീഷ്യൽ നടപടികളിൽ ഇടപെടുമെന്ന് ശുക്ലയുടെ കുടുംബം ആരോപിച്ചതോടെ കേസ് ലഖ്‌നൗവിൽ നിന്ന് ഡെറാഡൂണിലേക്ക് സുപ്രീം കോടതി മാറ്റി.

കേസന്വേഷണം ?
അന്നത്തെ സർക്കാർ ആദ്യം പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണത്തിനാണ് ഉത്തരവിട്ടത്. എന്നാൽ മധുമിത ശുക്ലയുടെ അമ്മയുടെ അപ്പീലിനെ തുടർന്ന് കേസ് സിബിഐക്ക് കൈമാറി. 2003 സെപ്തംബറിൽ CBI അമർമണി ത്രിപാഠിയെ അറസ്റ്റ് ചെയ്തു. ഏഴ് മാസത്തിന് ശേഷം അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നൽകി. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ മധുമിത ശുക്ലയുടെ കുടുംബം പരസ്യമായി രംഗത്തെത്തി.

സുപ്രീം കോടതിയിൽ അപ്പീൽ നൽകി, കേസ് ഡെറാഡൂണിലേക്ക് മാറ്റുകയും ദിവസേന വാദം കേൾക്കാൻ ഉത്തരവിടുകയും ചെയ്തു. ആറുമാസത്തിനുള്ളിൽ കേസ് അവസാനിച്ചു. പ്രോസിക്യൂഷൻ 79 സാക്ഷികളെ ഹാജരാക്കി, അവരിൽ 12 പേർ കൂറുമായി. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി അമർമണി ത്രിപാഠി, ഭാര്യ മധുമണി, മറ്റ് രണ്ട് പേർ – രോഹിത് ചതുർവേദി, സന്തോഷ് കുമാർ റായ് എന്നിവരെ ഡെറാഡൂൺ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling