നാല് ദിവസത്തിനുള്ളിൽ 20 കുട്ടികൾ ടൈഫോയ്ഡ്, മൂന്നാറിൽ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് സ്കൂള്‍ അടച്ചു

മൂന്നാർ: വിദ്യാർത്ഥികള്‍ക്ക് ടൈഫോയ്ഡ് പടർന്നതിനെ തുടർന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ ഇടുക്കിയിലെ എംആർഎസ് സ്കൂൾ അടച്ചു. നാലു ദിവസത്തിനുള്ളിൽ 20 കുട്ടികൾക്കാണ് രോഗം പടർന്നത്. കഴിഞ്ഞ ശനിയാഴ്ച ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്കൂൾ ഹോസ്റ്റലിലെ 14 കുട്ടികൾക്ക് രോഗം കണ്ടെത്തിയത്. ഇവരിൽ 6 പേർ വീടുകളിലേക്ക് മടങ്ങിയിരുന്നു. 8 പേരെ ഹോസ്റ്റലിൽ പ്രത്യേക സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ആറ് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് സ്കൂൾ അടച്ചത്. കളക്ടറുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സ്കൂളിലെ മുഴുവൻ കുട്ടികൾ, ജീവനക്കാർ, അധ്യാപകർ എന്നിവരിൽ രോഗപരിശോധന നടത്തി. പരിശോധനാ ഫലം വന്നശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാത്രമേ സ്കൂൾ തുറക്കുകയുള്ളൂവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പോയി മടങ്ങിയെത്തിയ കുട്ടിയിലാണ് ആദ്യം രോഗ ലക്ഷണങ്ങള്‍ കണ്ടത്. കൂടുതൽ കുട്ടികൾക്ക് പനിയും ഛർദിയുമുണ്ടായതോടെയാണ് സ്കൂൾ അധികൃതർ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചത്. വിവിധ മേഖലകളിൽ നിന്നു ള്ള 260 കുട്ടികളാണ് എംആർഎസ് സ്കൂളിൽ പഠിക്കുന്നത്. സ്കൂൾ ഹോസ്റ്റലിലാണ് ഇവർ കഴിയുന്നത്. ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്കൂൾ ഹോസ്റ്റലിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിപാലനവും മരുന്നുകളും നൽകുന്നുണ്ടെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling