കുഴിച്ചുമൂടിയത് 20 തെരുവുനായ്ക്കളെ, ക്രൂരത'; അന്വേഷണം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി

തിരുവനന്തപുരം: വള്ളക്കടവില്‍ ഇരുപതോളം തെരുവുനായ്ക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സീനിയര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സിന്ധുവിന്റെ നേതൃത്വത്തില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.അനിത, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. റോണി റോയ് ജോണ്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണം നടത്തുന്നത്. അന്വേഷ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച നായ്ക്കളെ കുഴിച്ചിട്ട സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. വിമാനത്താവളത്തിന്റെയുള്ളില്‍ നിന്നും പുറത്തും നിന്നും പിടികൂടിയെന്ന് കരുതുന്ന ഇരുപതോളം നായ്ക്കളെയാണ് ജൂലൈ 26, 27 തീയതികളില്‍ കുഴിച്ചുമൂടിയതായി ഒരു നായ പിടുത്തക്കാരന്‍ വകുപ്പിനെ അറിയിച്ചത്. നായ്ക്കളെ കൊലപ്പെടുത്തിയും ജീവനോടെയും കുഴിച്ചുമൂടി എന്നാണ് വിവരം. പിടികൂടിയ നായ്ക്കളെ ദത്തു നല്‍കാന്‍ കൊണ്ടുപോകുന്നു എന്ന വ്യാജേനയാണ് കുഴിച്ചു മൂടിയത്. കുഴിച്ചുമൂടിയ സ്ഥലത്തുനിന്ന് എട്ടു നായ്ക്കളുടെ ശരീരാവശിഷ്ടങ്ങള്‍ വകുപ്പിനു ലഭിച്ചു. അതില്‍ ഏഴ് എണ്ണവും അഴുകിയ നിലയിലാണ്. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വാഹനത്തിലാണ് നായ്ക്കളെ കുഴിച്ചുമൂടിയ സ്ഥലത്ത് എത്തിച്ചതെന്ന് വകുപ്പിലെ ജീവനക്കാര്‍ പറഞ്ഞു. മൃഗങ്ങളോട് ഇത്തരത്തിലുള്ള അത്യന്തം ക്രൂരമായ നടപടി സ്വീകരിക്കാന്‍ പാടില്ലെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃഗസംരക്ഷണ സംഘടനയുടെ പരാതിയില്‍ വലിയതുറ പൊലീസാണ് അന്വേഷിക്കുന്നത്. വന്ധ്യംകരണം ചെയ്ത നായ്ക്കളും കുഴിച്ചുമൂടിയതിലുള്‍പ്പെടുന്നുണ്ട്. സംഭവം അറിഞ്ഞ ഉടന്‍ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സംഘത്തെ സ്ഥലത്തേക്ക് അയച്ചു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും മന്ത്രി പറഞ്ഞു. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്ത് ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രാസ പരിശോധനയ്ക്കായി ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ക്ക് അയക്കാന്‍ നടപടികള്‍ സ്വീകരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling