
തിരുവനന്തപുരം: എന്‍സിഇആര്‍ടി വെട്ടിമാറ്റിയ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഡീഷണല്‍ ടെക്സ്റ്റ് ബുക്കുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആഗസ്റ്റ് 23 ന് പുറത്തിറക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഓഗസ്റ്റ് 23 ന് വൈകീട്ട് നാലിന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
'ദേശീയ-സംസ്ഥാന തലങ്ങളില്‍ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിരിക്കുന്ന സമയമാണിപ്പോള്‍. ഇതിനിടയില്‍ ദേശീയ തലത്തില്‍ എന്‍സിഇആര്‍ടി ആറാം ക്ലാസ്സ് മുതല്‍ പന്ത്രണ്ട് വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചു. ഇതിനോട് അപ്പോള്‍ തന്നെ കേരളം അക്കാദമികമായി പ്രതികരിക്കുകയുണ്ടായി.
കോവിഡിന്റെ പേരില്‍ പഠനഭാരം കുറക്കാനെന്ന പേരിലാണ് ഈ വെട്ടിമാറ്റല്‍ ഉണ്ടായിട്ടുള്ളത് എങ്കിലും ഈ പുസ്തകങ്ങള്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഈ വെട്ടിമാറ്റല്‍ പഠനഭാരം കുറക്കാനല്ല എന്നും ചില നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കുവാനാണെന്നും മനസിലാകും.'- അദ്ദേഹം പറഞ്ഞു.
'ഈ ചര്‍ച്ച കേരളം ഏറ്റെടുത്തിരിക്കുന്നത് രാജ്യതാത്പര്യവും അക്കാദമിക താത്പര്യവും മുന്‍ നിര്‍ത്തിയാണ്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ കേരളം നിര്‍മ്മിക്കുന്നവയാണ്. അതിനാല്‍ എന്‍സിഇആര്‍ടി ദേശീയതലത്തില്‍ ആറ് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ വരുത്തിയ മാറ്റങ്ങള്‍ കേരളത്തെ സാരമായി ബാധിക്കുന്നില്ല. എന്നാല്‍ 11, 12 ക്ലാസുകളില്‍ കേരളം എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഇതില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, സോഷ്യോളജി എന്നീ പാഠപുസ്തകങ്ങളിലെ വ്യാപകമായ വെട്ടിമാറ്റലുകള്‍ അക്കാദമിക് സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. അതിനാലാണ് കേരളം മാനവിക വിഷയങ്ങളില്‍ അഡീഷണല്‍ പാഠപുസ്തകങ്ങള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചരിത്രത്തില്‍ മുഗള്‍ ചരിത്രം, വ്യാവസായ വിപ്ലവം, ഇന്ത്യാവിഭജന ചരിത്രം തുടങ്ങിയവയും പൊളിറ്റിക്കല്‍ സയന്‍സില്‍ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തിരാവസ്ഥ, ഇന്ത്യയിലെ ജനകീയ സമരങ്ങള്‍ തുടങ്ങിയവയും അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ മാറ്റങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വം ഉള്‍പ്പെടെയുള്ളവയും ഇക്കണോമിക്സില്‍ പ്രധാനമായും ദാരിദ്ര്യം സംബന്ധിച്ച കാര്യങ്ങളും സോഷ്യോളജിയില്‍ ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങളും, ജാതി വ്യവസ്ഥിതിയും ഒക്കെ പരമാര്‍ശിക്കുന്ന ഭാഗവുമൊക്കെ ഒഴിവാക്കപ്പെട്ടവയിലുണ്ട്. കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നവീകരിക്കപ്പെടണം എന്നതില്‍ രാജ്യത്തിന്റെ ചരിത്രം, സ്വാതന്ത്ര്യ സമര കാലത്തിന്റെ ഊര്‍ജം, ഭരണഘടനാ മൂല്യങ്ങള്‍ എന്നിവ നമുക്ക് ഒരു കാലത്തും മാറ്റാന്‍ കഴിയില്ല. എന്ത് കാരണം പറഞ്ഞായാലും ഇത്തരം ഭാഗങ്ങള്‍ നീക്കുന്നത് കേരളം എല്ലാ കാലത്തും എതിര്‍ക്കുക തന്നെ ചെയ്യും'-മന്ത്രി വ്യക്തമാക്കി.
0 അഭിപ്രായങ്ങള്‍