ഖരമാലിന്യ പരിപാലനത്തിനായി ബൃഹത്തായ പദ്ധതികള്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍. ഇതിനായി 27 കോടി രൂപയുടെ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. സര്‍ക്കാരിന്‍റെയും ലോകബാങ്കിന്‍റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിന്‍റെയും സഹായത്തോടെ നടപ്പിലാക്കുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയാണ് നഗരസഭയില്‍ നടപ്പിലാക്കുക. ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, KSWMP ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ, വിവിധ സാമൂഹിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പ്രീ കണ്‍സല്‍ട്ടേഷന്‍ മീറ്റിംഗ് ചേമ്പര്‍ ഹാളില്‍ ചേര്‍ന്നു. മേയര്‍ അഡ്വ.ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചര്‍ച്ചയിലെ വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ പ്രീ കണ്‍സല്‍ട്ടേഷന്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കും. കോര്‍പ്പറേഷന്‍റെ നിലവിലുള്ള മാലിന്യ സംസ്കരണ പദ്ധതിയും അതിന്‍റെ പോരായ്മകളും കണ്ടെത്തി 25 വര്‍ഷത്തേക്കുള്ള സമഗ്രമായ ഖരമാലിന്യ പരിപാലന രൂപരേഖ എന്ന രീതിയിലാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്.
അജൈവ മാലിന്യ ശേഖരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇതിന്‍റെ സംസ്കരണത്തിനായി ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലും, അതോടൊപ്പം ഓരോ ഡിവിഷനുകളിലും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (MCF), മാലിന്യം തരം തിരിക്കുന്നതിനുള്ള റിസോഴ്സ് റിക്കവറി സംവിധാനം എന്നിവയും ജൈവമാലിന്യ സംസ്കരണത്തിനായി ദിവസവും 13 ടണ്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള വിന്‍ഡ്രോ കമ്പോസ്റ്റ് സംവിധാനം, ഓരോ സ്ഥാപന തലത്തിലും ഓര്‍ഗാനിക് വേസ്റ്റ് കണ്‍വേര്‍ട്ടര്‍, മാലിന്യ ശേഖരണത്തിനും കൊണ്ടുപോകുന്നതിനും വാനുകളും ടിപ്പര്‍ ലോറികളും ഇലക്ട്രിക് ഓട്ടോകളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
പരിപാടിയില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, സിയാദ് തങ്ങള്‍, പി ഷമീമ ടീച്ചര്‍, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, ടി രവീന്ദ്രന്‍, എന്‍ ഉഷ, വി കെ ഷൈജു, കോര്‍പ്പറേഷന്‍ സെക്രട്ടറി മണികണ്ഠകുമാര്‍ ടി, ക്ലീന്‍ സിറ്റി മാനേജര്‍ ബൈജു പി പി, കേരള ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷിന്‍റ കെ എസ്, പറശ്ശിന്‍ രാജ്, സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ് എഞ്ചിനീയര്‍ വിഷ്ണു സി ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍