ഭാരത് ക്രാഷ് ടെസ്റ്റ്; സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ; ടിപരീക്ഷയ്ക്ക് 30 കാറുകള്‍

യുഎസിനും ചൈനയ്ക്കും ജപ്പാനിനും കൊറിയയ്ക്കും ശേഷം സ്വന്തമായി ക്രാഷ് ടെസ്റ്റുള്ള രാജ്യമായി ഇന്ത്യ മാറി. സ്വന്തമായി കാറുകളുടെ സുരക്ഷ പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ഏറെക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ് എന്‍സിഎപിയുടെ വരവോടെ യാഥാര്‍ഥ്യമാകുന്നത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇതു നടപ്പാക്കിത്തുടങ്ങും. വാഹനങ്ങളുടെ സുരക്ഷ വിലയിരുത്തുന്ന ഗ്ലോബല്‍ റേറ്റിങ് നേരത്തേയുണ്ടെങ്കിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയുള്ള തദ്ദേശീയ റേറ്റിങ് എന്നതാണ് എന്‍സിഎപിയുടെ സവിശേഷത. 3.5 ടണ്ണില്‍ത്താഴെ ഭാരമുള്ള, എട്ടുസീറ്റ് വരെയുള്ള എം വണ്‍ വിഭാഗം വാഹനങ്ങള്‍ക്കാണ് നിലവില്‍ ഭാരത് എന്‍ക്യാപ് ബാധകമാവുക. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് 197 പ്രകാരമാണ് റേറ്റിങ്ങിനായുള്ള പരിശോധന. കാര്‍ നിര്‍മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഈ പരിശോധന നടത്താനാവും. കാറുകള്‍ നിര്‍മാതാക്കള്‍ക്ക് നേരിട്ട് കൈമാറാനാവും. ഇങ്ങനെ കൈമാറുന്ന കാറുകള്‍ സ്വീകരിക്കാതെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് കാറുകള്‍ തെരഞ്ഞെടുക്കാനും എന്‍സിഎപിക്ക് കഴിയും. പ്രധാനമായും മൂന്നു വിഭാഗത്തിലുള്ള ക്രാഷ് ടെസ്റ്റുകളിലൂടെയാണ് കാറിന്റെ സുരക്ഷ പരിശോധിക്കുക. മുന്‍ ഭാഗത്തെ ഇംപാക്ട് ടെസ്റ്റ്, വശങ്ങളിലെ ഇംപാക്ട് ടെസ്റ്റ്, പോള്‍ സൈഡ് ഇംപാക്ട് ടെസ്റ്റ് എന്നിവയാണ് പരിശോധിക്കുക. കുട്ടികളുടെ സുരക്ഷ, മുതിര്‍ന്നവരുടെ സുരക്ഷ, സുരക്ഷാ സാങ്കേതിക വിദ്യകള്‍ എന്നിങ്ങനെ വ്യത്യസ്ത പരിശോധനയ്ക്കുശേഷം അഞ്ചില്‍ സ്റ്റാര്‍ റേറ്റിങ് നല്‍കും. മുപ്പതോളം മോഡല്‍ കാറുകള്‍ക്ക് പുതിയ റേറ്റിങ് നടത്താന്‍ വിവിധ കമ്പനികളുടെ അപേക്ഷ ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഗ്ലോബല്‍ എന്‍-ക്യാപ് പ്രോട്ടോകോളുകള്‍ക്ക് സമാനമായിരിക്കും ഭാരത് എന്‍.സി.എ.പിയുടെ പ്രോട്ടോക്കോളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling