'രാജ്യത്തിന്റെ വലിയ നേട്ടം'- ചന്ദ്രയാൻ 3ന്റെ വിജയ ശിൽപ്പികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ബംഗളൂരുവിൽ




ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയ ശിൽപ്പികളായ ശാസ്ത്രജ്ഞരെയും ജീവനക്കാരേയും നേരിട്ടു കണ്ട് അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിൽ എത്തി. ദക്ഷിണാഫ്രിക്ക, ഗ്രീസ് എന്നീ രാജ്യങ്ങളിലെ സന്ദർശനം കഴിഞ്ഞാണ് അദ്ദേഹം നേരിട്ട് ബംഗളൂരുവിൽ വന്നിറങ്ങിയത്. എംപിമാരടക്കമുള്ള ബിജെപി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാനായി ബംഗളൂരുവിൽ എത്തിയിരുന്നു. 


ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ രാജ്യം വലിയ നേട്ടമാണ് കൈവരിച്ചതെന്നു അദ്ദേഹം ബംഗളൂരുവിൽ എത്തിയതിനു പിന്നാലെ വ്യക്തമാക്കി. ദൗത്യം നടക്കുമ്പോൾ താൻ രാജ്യത്തുണ്ടായിരുന്നില്ല. അതിനാൽ താൻ ആകാംക്ഷയിലായിരുന്നു. സന്ദർശനം കഴിഞ്ഞ് നേരെ ഇവിടെ വന്ന് ദൗത്യത്തിൽ പങ്കാളികളായവരെ നേരിട്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവളത്തിനു പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.


അതിനിടെ ഇന്ന് മോദി നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ബംഗളൂരുവിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ രാവിലെ ആറ് മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.


ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത മോദി ഗ്രീസ് സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മോദി നേരിട്ട് ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling