ചന്ദ്രയാൻ 3; ഇന്ന് ചന്ദ്രന്റെ ​ഗുരുത്വാകർഷണ മേഖലക്ക് സമീപം എത്തും

ചെന്നൈ: ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി ചന്ദ്രയാൻ 3 പേടകം. ചന്ദ്രൻ്റെ ഭ്രമണപഥത്തിലേക്ക് ‘ട്രാൻസ്‌ലൂണാർ ഇൻജക്‌ഷൻ’ പൂർത്തിയാക്കി, ചൊവ്വാഴ്ച 12.15 ഓടെയാണ് പേടകത്തിൻ്റെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ഓ​ഗസ്റ്റ് അഞ്ചിന് ചാന്ദ്ര ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കും. ട്രാൻസ്‌ലൂണാർ ഇൻജക്‌ഷന് പിന്നാലെ ചന്ദ്രയാൻ-3 ബഹിരാകാശ പേടകം ഭൂമിയെ ഭ്രമണം ചെയ്യാതെ ചന്ദ്രന്റെ സമീപത്തേക്കുള്ള പാത സ്വീകരിച്ചു. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേ‌ർപ്പെടും. ഓഗസ്റ്റ് 17 നായിരിക്കും ഇത് നടക്കുക. ഓഗസ്റ്റ് 23 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് സമീപമാണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങുക. ജൂലൈ 14 നായിരുന്നു ചന്ദ്രയാൻ -3 ദൗത്യത്തിൻ്റെ വിക്ഷേപണം. ജൂലൈ 25 ന് അഞ്ച് ഭ്രമണപഥ ഉയർത്തലുകൾ പൂർത്തിയാക്കി. ഇതിനു ശേഷമാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ചന്ദ്രയാൻ 2 പരാജയപ്പെട്ടതോടെ ചന്ദ്രായാൻ 3 വിജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling