‘വന്യമൃഗങ്ങള്‍ക്ക് സ്വൈര്യമായി കഴിയണം’; 495 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്

വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപ്പാർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാന അതിർത്തിയോട് ചേർന്ന് മുതുമല വനത്തിന്റെ കിഴക്കേ അതിർത്തിയിലുള്ള തെങ്കുമരാട ഗ്രാമം മുഴുവൻ ഒരു മാസത്തിനുള്ളിൽ ഒഴിപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മുതുമല കടുവ സങ്കേതത്തിനകത്തുള്ള തെങ്കുമരാദ ഗ്രാമത്തില്‍ മനുഷ്യ-മൃഗ സംഘർഷം പെരുകിവരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. മുതുമല കടുവ സങ്കേതത്തിലെ 495 കുടുംബങ്ങളെ പതിനഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നല്‍കി മാറ്റിപ്പാര്‍പ്പിക്കാനാണ് ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാര്‍, ഡി ഭരത ചക്രവര്‍ത്തി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധി. നഷ്ടപരിഹാരത്തുകയായ 74.25 കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കോംപന്‍സേറ്ററി അഫോറസ്‌റ്റേഷന്‍ ഫണ്ട് മാനേജ്‌മെന്റ് ആന്‍ഡ് പ്ലാനിങ് അതോറിറ്റി നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്കു കൈമാറണണമെന്ന് കോടതി ഉത്തരവിട്ടു. എല്ലാ ജിവി വര്‍ഗങ്ങളേയും സംരക്ഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും പണമില്ലെന്നു പറഞ്ഞ് അതില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എന്‍ടിസിഎ പണം രണ്ടു മാസത്തിനകം തമിഴ്‌നാട് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ജനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കി മാറ്റിപ്പാര്‍പ്പിക്കല്‍ നടപ്പാക്കേണ്ടത്. കോടതി ഉത്തരവ് നടപ്പാക്കിയതു സംബന്ധിച്ച റിപ്പോർട്ട് ഒക്ടോബർ 10ന് നൽകാനും നിർദേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling