ബാറിലെ പ്ലേറ്റുകളും കസേരകളും തകര്‍ത്തു, ജീവനക്കാര്‍ക്ക് നേരെ ആക്രമണം; 4 പേര്‍ പിടിയില്‍

കൊച്ചി: മരട് കുണ്ടന്നൂരിൽ ബാറിൽ മദ്യപിക്കാനെത്തി സംഘർഷം സൃഷ്ടിച്ച നാൽവർ സംഘം പിടിയിൽ. നെട്ടൂർ സ്വദേശികളായ ഷിയാസ് (37), നിയാസ് (40), പള്ളുരുത്തി സ്വദേശി രെജു രാംജു (37), തേവര സ്വദേശി സന്തോഷ്‌ (44) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്. ഇന്നലെ ഉച്ചയോടെ കൂടി മരട് കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാൻ എത്തിയ ഇവർ പ്രകോപനം കൂടാതെ ബാറിൽ ഭീകരന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. പ്ളേറ്റുകൾ എറിഞ്ഞുടച്ച ഇവർ കസേരയും മേശയും തല്ലിതകർക്കുകയും ബാറിലെ കൗണ്ടറിലെ ജീവനക്കാരന് കൈയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് മരട് പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ സ്റ്റേഷനിൽ എത്തിച്ച സമയം ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിനും കേസ് എടുത്തിട്ടുണ്ട്. മരട് ഇൻസ്പെക്ടർ സാജു ജോർജ്, എസ്.ഐ മാരായ ഹുസൈൻ, ശ്യംലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽ കുമാർ, സിപിഒ വിശാൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. സമാനമായ മറ്റൊരു സംഭവത്തില്‍ മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് ഗുരുവായൂരില്‍ രണ്ട് പേര്‍ അറസ്റ്റിലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെയാണ് എസ് ഐ കെ ജി ജയപ്രദീപിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ആയിരുന്നു അക്രമം നടന്നത്. അറസ്റ്റിലായവര്‍ അടക്കം നാല് പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാവശ്യപ്പെട്ടു. ഇതേ ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമായി. ഉന്തും തള്ളിനുമൊടുവില്‍ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച ബാര്‍ മാനേജരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കൗണ്ടറിലെ ചില്ലുകള്‍ തകര്‍ക്കുന്നതിനിടെ രണ്ട് ബാര്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റ് മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling