ദില്ലി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ ഒഴിഞ്ഞ് കിടക്കുന്ന പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ 5 നാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 8 നായിരിക്കും വോട്ടെണ്ണൽ. ആഗസ്റ്റ് 17 ആണ് നാമനിർദ്ദേശം പത്രിക നൽകേണ്ട അവസാന തീയതി. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് പകരക്കാരനായി ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇനിയും ആയിട്ടില്ല. അതേസമയം സഹതാപ തരംഗത്തിനിടയിലും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എൽ ഡി എഫിൽ നിന്നും പുറത്തുവരുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാർട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കുകയാണ് സി പി എം. ഇതിന്‍റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് വീതിച്ച് നൽകിക്കഴിഞ്ഞു.
ജെയ്ക് സി തോമസ് തന്നെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നടക്കുന്നത്. സഹതാപ തരംഗത്തിനിടക്കും രാഷ്ട്രീയമായി അത്ര മോശമല്ല പുതുപ്പള്ളിയെന്ന പൊതു വികാരത്തിൽ ഊന്നിയാണ് സി പി എമ്മിന്‍റെ പ്രവര്‍ത്തനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പഞ്ചായത്തുകളുടെ ചുമതല തുടക്കത്തിലേ വീതിച്ച് നൽകിയിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍