ലോക്കൽ പ്രസിൽ അച്ചടിച്ചത് 50 ലക്ഷം, ചെലവാക്കിയത് 5 ലക്ഷം, പൂക്കടക്കാരൻ പൊക്കി, വിമുക്ത ഭടനും വക്കീലും പിടിയിൽ

ചെന്നൈ: വലിയ രീതിയില്‍ അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ട് പ്രചരിപ്പിച്ചതിന് തമിഴ്നാട്ടില്‍ വിമുക്ത ഭടനും അഭിഭാഷകനും പിടിയില്‍. 45.20 ലക്ഷം രൂപ വില വരുന്ന 90 കെട്ട് നോട്ടാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. അഭിഭാഷകന്‍റെ വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകളുണ്ടായിരുന്നത്. പൂക്കടക്കാരന് ലഭിച്ച നോട്ടിനേക്കുറിച്ച് തോന്നിയ സംശയമാണ് തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. ചെന്നൈ പള്ളിയകാരനൈ സ്വദേശിയായ അണ്ണാമലൈ എന്നയാളെയാണ് നുങ്കംപാക്കത്തെ പൂക്കടക്കാരന്‍ പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇയാളെ പിടികൂടിയത്. നേരത്തെയും ഈ കടയില്‍ അണ്ണാമലൈ പഴയ നോട്ട് നല്‍കിയിരുന്നു. പൊലീസ് ചോദ്യെ ചെയ്യലിലാണ് സുഹൃത്താണ് നോട്ട് നല്‍കിയതെന്ന് ഇയാള്‍ വിശദമാക്കുന്നത്. ചെറിയ കടകളിലും പൂക്കടകളിലുമായി നല്‍കിയായിരുന്നു നോട്ട് മാറിയെടുത്തിരുന്നത്. ചെറുകിട സ്റ്റോറുകളേയും ഇവര്‍ വ്യാപകമായി ഇത്തരത്തില്‍ ഉപയോഗിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിരുഗമ്പാക്കത്ത് അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന 62കാരന്‍ വി സുബ്രഹ്മണ്യനിലേക്ക് അന്വേഷണം എത്തിയതിന് പിന്നാലെ നടന്ന റെയ്ഡിലാണ് വലിയ രീതിയില്‍ സൂക്ഷിച്ച 500 രൂപാ നോട്ടുകള്‍ കണ്ടെത്തിയത്. പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അണ്ണാമലൈ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടതായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെന്നൈയില്‍ തന്നെയുള്ള ഒരു പ്രസില്‍ വച്ചാണ് സുബ്രഹ്മണ്യം കള്ള നോട്ട് നിര്‍മ്മിച്ചതെന്നാണ് വിവരം. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നോട്ടുകള്‍ അച്ചടിച്ചത്. 50 ലക്ഷം രൂപ വില വരുന്ന നോട്ടുകളാണ് അച്ചടിച്ചത്. ഇതില്‍ അഞ്ച് ലക്ഷത്തോളം രൂപ പ്രാദേശികമായി ചെലവാക്കിയെന്നും ഇവര്‍ വിശദമാക്കുന്നു. കടയില്‍ മൂന്നും നാലും തവണ വരുന്ന അണ്ണാമലൈ ഓരോ തവണയും 500 രൂപയുടെ നോട്ട് മാത്രം നല്‍കിയതിലാണ് പൂക്കടക്കാരനായ മണിക്ക് സംശയം തോന്നിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിശദമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling