മലപ്പുറം: കാമുകന്‍റെ വിവാഹത്തലേന്ന് കല്യാണ വീട്ടിൽ എത്തിയ യുവതി വരനെയും ബന്ധുക്കളെയും ആക്രമിച്ചു. കല്യാണ വീട്ടിലെ സാധനങ്ങളും അടിച്ചു തകർത്തു. ചങ്ങരംകുളം മേലേ മാന്തടത്ത് ആണ് സംഭവം. ഇന്നായിരുന്നു യുവാവിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. അഞ്ചു വർഷം മുമ്പ് വിവാഹമോചനം നേടിയ യുവതിയെ വിവാഹം കഴിക്കാമെന്ന് യുവാവ് വാഗ്ദാനം നൽകിയിരുന്നു എന്നാണ് യുവതി പറയുന്നത്. തന്നെ ഒഴിവാക്കി കാമുകൻ മറ്റൊരു വിവാഹം കഴിക്കുന്നു എന്നറിഞ്ഞ യുവതി സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കൊപ്പമെത്തിയാണ് കാമുകനെയും ബന്ധുക്കളെയും മർദ്ദിച്ചത്.
സംഭവം അറിഞ്ഞതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹത്തിൽ നിന്നും വധു പിന്മാറുകയും ചെയ്തു. മേലേ മാന്തടം സ്വദേശി എടപ്പാൾ തട്ടാൻപടി സ്വദേശിനിയായ യുവതിയാണ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാനൊരുങ്ങിയ കാമുകനെയും ബന്ധുക്കളെയും വീട്ടിൽ കയറി മർദ്ദിച്ചത്. ഇരുവരും തമ്മിൽ പഠനകാലത്തുള്ള സൗഹൃദം ഒരു വർഷം മുമ്പ് പുതുക്കിയതായിരുന്നു. യുവതി 5 വർഷം മുൻപ് വിവാഹമോചനം നേടിയതാണ്. വിവാഹവാഗ്ദാനം നൽകിയിരുന്ന യുവാവ് മറ്റൊരു വിവാഹം കഴിക്കുന്നതായി അറിഞ്ഞതോടെയാണ് യുവതി, സഹോദരിയും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഇരുപതോളം പേർക്കുമൊപ്പം എത്തി അക്രമം നടത്തിയത്.
വരനെയടക്കം ആക്രമിച്ചതിനു പുറമേ, കല്യാണവീട്ടിലെ സാധനങ്ങളും അടിച്ചുതകർത്തു. സംഭവം വിവാദമായതോടെ വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്ന് വധുവിന്റെ ബന്ധുക്കൾ അറിയിച്ചു. വിവാഹത്തിനായി ഇരുവീട്ടുകാരും ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് അക്രമം. തങ്ങളെ യുവാവിന്റെ വീട്ടുകാർ ആക്രമിച്ചെന്നു പറഞ്ഞ് യുവതിയും സഹോദരിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ വീട്ടുകാരായ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ആക്രമണത്തിൽ പരുക്കേറ്റ പ്രതിശ്രുത വരനും മാതാപിതാക്കളും ഉൾപ്പെടെ അഞ്ച് പേരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
0 അഭിപ്രായങ്ങള്‍