ജയസൂര്യയുടെ കര്‍ഷക സ്‌നേഹം പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി നടത്തുന്ന മുതലക്കണ്ണീര്‍’; AIYF

 മന്ത്രിമാരെ വേദിയിലിരുത്തി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച നടന്‍ ജയസൂര്യക്കെതിരെ വിമര്‍ശനവുമായി എഐവൈഎഫ്. ജയസൂര്യയുടെ കര്‍ഷക സ്‌നേഹം പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി നടത്തുന്ന മുതലക്കണ്ണീരെന്ന് വിമര്‍ശനം. നെല്ലിന്റെ സംഭരണ വില നല്‍കാത്ത കേന്ദ്രസര്‍ക്കാരിനെ ജയസൂര്യ വിമര്‍ശിക്കാത്തത് ഭീരുത്വമാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍.

സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള തുക പൂര്‍ണമായി നല്‍കികഴിഞ്ഞെന്നും ഇനി നല്‍കാനുള്ളത് കേന്ദ്രവിഹിതമാണെന്നും എഐവൈഎഫ്. ജയസൂര്യയുടെ പരാമര്‍ശത്തിനു പിന്നില്‍ അജന്‍ഡയുണ്ടെന്ന് കൃഷി മന്ത്രി പി.പ്രസാദ് വിമര്‍ശിച്ചിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ജയസൂര്യ വ്യക്തമാക്കി. ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാര്‍ കര്‍ഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. ജയസൂര്യയെ അനുകൂലിച്ച് കെ.മുരളീധരന്‍ എംപിയും രംഗത്ത് വന്നു. മന്ത്രിമാര്‍ക്ക് സ്റ്റേജില്‍ വച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത് ചെയ്യാതെ എന്തിന് പത്രക്കാരോട് മാത്രം മറുപടി നല്‍കിയെന്ന് കെ.മുരളീധരന്‍ ചോദിക്കുന്നു.

കളമശ്ശേരിയിലെ കാര്‍ഷികോത്സവം വേദിയിലാണ് കര്‍ഷകര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വിവരിച്ച് നടന്‍ ജയസൂര്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവര്‍ വേദിയിലിരിക്കെയായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനം. പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ തിരുവോണ ദിവസം പോലും നമ്മുടെ കര്‍ഷകര്‍ ഉപവാസമിരിക്കേണ്ട അവസ്ഥയെന്ന് ജയസൂര്യ പറഞ്ഞിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling