'ഞങ്ങൾ വ്യാജവാഗ്ദാനം നടത്താറില്ല,ചെയ്യാൻ കഴിയുന്ന കാര്യംചെയ്യുന്നു'കര്‍ണാടകയില്‍ ഗൃഹലക്ഷ്മി പദ്ധതിക്ക് തുടക്കം

 ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഗൃഹലക്ഷ്മിക്ക് രാഹുല്‍ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ തുടക്കമായി. ബിപിഎല്‍ കുടുംബത്തിലെ വനിതക്ക് പ്രതിമാസം 2000 രൂപ നല്‍കുന്നതാണ് പദ്ധതി. ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് രാഹുല്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.രക്ഷാബന്ധൻ വേളയിൽ, സർക്കാരിന്‍റെ  നൂറ് ദിവസം തികയുന്ന വേളയിൽ ഇത് സ്ത്രീകൾക്കായി സമർപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി സർക്കാർ ധനികർക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും ധനികർക്ക് മാത്രമാണ്.കോൺഗ്രസ് പാവപ്പെട്ടവർക്ക്, ദളിതർക്ക്, ന്യൂനപക്ഷങ്ങൾക്ക്, ദുർബലവിഭാഗങ്ങൾക്കായാണ് പ്രവർത്തിക്കുന്നത്.അതിൽ ജാതി, മത, ഭാഷാ ഭേദമില്ല.കർണാടകയിൽ ചെയ്ത ഈ ക്ഷേമപദ്ധതികൾ കോൺഗ്രസ് രാജ്യമെമ്പാടും നടപ്പാക്കും.

കർണാടക രാജ്യത്തിന് വഴി കാട്ടുകയാണ്.ഈ പദ്ധതി നടപ്പാവില്ലെന്നായിരുന്നു ഇത് പ്രഖ്യാപിച്ചപ്പോൾ കേന്ദ്രസർക്കാർ പറഞ്ഞത്.പ്രധാനമന്ത്രി തന്നെ കോൺഗ്രസ് നുണ പറയുന്നുവെന്നല്ലേ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു,സത്യം നിങ്ങൾക്ക് മുന്നിലുണ്ട്. ഇന്ന് 1.9 കോടി സ്ത്രീകളുടെ അക്കൗണ്ടുകളിൽ 2000 രൂപ എത്തി.ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചു.10  കിലോ അരി സൗജന്യമായി ബിപിഎൽ കുടുംബങ്ങളില്‍ എത്തുന്നു.സ്ത്രീകൾക്കായി ലോകത്തുള്ള ഏറ്റവും വലിയ ക്ഷേമപദ്ധതിയാണ് ഇത്.ലോകത്തെവിടെയും ഇത്രയും വലിയ തുക സ്ത്രീകൾക്കായി നൽകുന്ന പദ്ധതിയില്ല.ഞങ്ങൾ വ്യാജവാഗ്ദാനം നടത്താറില്ല, ചെയ്യാൻ കഴിയുന്ന ഓരോ കാര്യവും ഞങ്ങൾ ചെയ്യുന്നു.ഈ പദ്ധതി കോൺഗ്രസ് തിങ്ക് ടാങ്ക് ഉണ്ടാക്കിയതല്ല.നിങ്ങളാവശ്യപ്പെട്ട പദ്ധതിയാണിത്, നിങ്ങളാണ് ഞങ്ങൾക്ക് വഴി കാട്ടിയതെന്നും രാഹുല്‍ പറഞ്ഞു.

ഒരു കെട്ടിടം അതിന്‍റെ  അടിസ്ഥാനശിലയുടെ ബലത്തിലാണ് നിലനിൽക്കുന്നത്.ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആയിരക്കണക്കിന് സ്ത്രീകളെ  കണ്ടു.വിലക്കയറ്റത്തിന്‍റെ  ദുരിതം അനുഭവിക്കുന്നവരായിരുന്നു സ്ത്രീകളെല്ലാവരും.പെട്രോളോ ഡീസലോ പാകചകവാതകത്തിന്‍റെയോ  വില കൂടിയാലും സ്ത്രീകളെയാണ് ആദ്യം ബാധിക്കുന്നത്.
സ്ത്രീകൾ ഈ രാജ്യത്തിന്‍റെ  അടിസ്ഥാനശിലയാണ്, തായ് വേരാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling