വിപണയിലെ വിലക്കയറ്റം മൂലം ദുരതത്തിലായ സാധാരണക്കാര്‍ക്ക് ആശ്വാസമാകേണ്ട മാവേലി സ്റ്റോറുകളില്‍ ഓണക്കാലമായതോടെ സാധനങ്ങളുടെ ലഭ്യതക്കുറവ് ഇരുട്ടടിയാകുന്നു.
സബ്‌സിഡിയില്‍ ലഭിക്കേണ്ടുന്ന സാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ദിവസങ്ങള്‍ക്ക് ശേഷം മാവേലി സ്റ്റോറില്‍ അരിയെത്തിയെന്നറിഞ്ഞ് നൂറുകണക്കിനാളുകളാണ് കൂട്ടമായി എത്തിയത്.
ഇത് നീണ്ട ക്യൂവിന് സാഹചര്യം ഒരുക്കുകയും ചെയ്തു. രാവിലെ മുതല്‍ ക്യൂവില്‍ നിന്ന് തളര്‍ന്നാണ് അരിയുള്‍പ്പെടെയുള്ള സബ്‌സിഡി സാധനങ്ങള്‍ ആളുകള്‍ വാങ്ങാന്‍ എത്തിയത്. ബുധനാഴ്ചയാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും ശ്രീകണ്ഠാപുരത്തെ സ്റ്റോറിലേക്ക് എത്തിയത്.
വിലക്കയറ്റ സാഹചര്യത്തില്‍ അരിയും ഭക്ഷ്യ സാധനങ്ങളും വാങ്ങണമെങ്കില്‍ ജോലി ചെയ്തു കിട്ടുന്നതില്‍ വലിയൊരു ഭാഗം അതിനായി മാറ്റേണ്ട ഗതികേടിലാണ് ജനങ്ങള്‍. ആളുകള്‍ കൂട്ടമായി മാവേലി സ്‌റ്റോറിലേക്ക് എത്തിയത് ഷോപ്പ് നടത്തിപ്പുകാരുടേയും ജോലിഭാരം ഇരട്ടിയാക്കി. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധിയിലായി. രാവിലെ മുതല്‍ ക്യൂവില്‍ നിന്ന പലര്‍ക്കും ഉച്ചയോടെയാണ് സാധനങ്ങള്‍ വാങ്ങാന്‍ സാധിച്ചത്.
പ്രായമായവരും രോഗബാധിതരായവരും ഏറെ ബുദ്ധിമുട്ടിയാണ് ക്യൂവില്‍ നിന്നത്. ജനങ്ങളുടെ ദുരിതം അറിഞ്ഞ് എംഎല്‍എ അഡ്വ.സജീവ് ജോസഫ് മാവേലി സ്റ്റോറിലെത്തി ജനങ്ങളുടെ പരാതികള്‍ കേട്ടു. നീണ്ട ക്യൂവില്‍ നില്‍ക്കാതെ ജനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭിക്കാനുള്ള സംവിധാനം ഒരുക്കാന്‍ അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍