
മണിപ്പൂരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം. കലാപം രൂക്ഷമായി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനത്തെ കാങ്‌പോപ്പി ജില്ലയിലാണ് കുക്കി-സോ സമുദായത്തിൽ നിന്നുള്ള പതിനായിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തിയത്. പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം.
ട്രൈബൽ യൂണിറ്റി സദർ ഹിൽസ് (CoTU) യുടെ വനിതാ വിഭാഗമാണ് അമിത് ഷായ്‌ക്കെതിരെ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. ഷായ്‌ക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ‘അമിത് ഷാ തന്റെ തെറ്റ് അംഗീകരിക്കണം’, ‘നാക്ക് പിഴയെക്കുറിച്ച് പാർലമെന്റിൽ കൂടുതൽ വ്യക്തത വരുത്തണം’, ‘നാക്ക് പിഴയ്ക്ക് ഞങ്ങൾ വലിയ വില നൽകേണ്ടി വരും’ എന്നിങ്ങനെയാണ് പ്ലക്കാർഡിലെ വാക്യങ്ങൾ.
കുക്കി-സോ ജനങ്ങൾ അനധികൃത നുഴഞ്ഞുകയറ്റക്കാരല്ല, ഇന്ത്യൻ പൗരന്മാരാണെന്ന് ഊന്നിപ്പറയുന്ന മറ്റ് നിരവധി പ്ലക്കാർഡുകളും പ്രതിഷേധ പ്രകടനത്തിൽ പ്രത്യക്ഷപ്പെട്ടു. മ്യാൻമറിൽ നിന്നുള്ള കുക്കി അഭയാർഥികളുടെ പ്രവാഹമാണ് മണിപ്പൂരിൽ പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് ആഭ്യന്തരമന്ത്രി ബുധനാഴ്ച ലോക്സഭയിൽ പറഞ്ഞിരുന്നു. ‘ആയിരക്കണക്കിന് കുക്കി ആദിവാസി വനിതകളാണ് ഇങ്ങോട്ട് പലായനം ചെയ്തത്. അങ്ങനെ എത്തിയവര്‍ മണിപ്പൂരിലെ കാടുകളില്‍ താമസം ആരംഭിച്ചു. ഇതോടെ മണിപ്പൂരില്‍ സുരക്ഷിതാവസ്ഥയെ സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടാവാന്‍ തുടങ്ങി’ – ഷാ പറഞ്ഞു.
0 അഭിപ്രായങ്ങള്‍