വിവാഹത്തിനു ശേഷം ബന്ധം തുടരാൻ വിസമ്മതിച്ചു; കാമുകിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ

വിവാഹത്തിനു ശേഷം ബന്ധം തുടരാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച യുവാവ് പിടിയിൽ. ഉത്തരാഖണ്ഡിലെ റാണിപൂരിലാണ് സംഭവം. ആറ് ദിവസം മുൻപ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിൽ യുപി സ്വദേശിയായ പുനീത് അറസ്റ്റിലായി. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം പുനീത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് പറയുന്നു. ജൂലൈ 26നാണ് അഴുകിയ നിലയിൽ മൃതദേഹം ഉപേക്ഷിച്ചതായി കണ്ടെത്തിയത്. പരിശോധനയിൽ മരിച്ചത് യുവതിയാണെന്ന് മനസിലായെങ്കിലും ആൾ ആരെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, മകളെ കാണാനില്ലെന്ന് കാട്ടി ഒരാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് വഴിത്തിരിവായി. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാര്യങ്ങളുടെ ചുരുളഴിഞ്ഞത്. പുനീതും യുവതിയുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വ്യത്യസ്ത ജാതിയിൽപ്പെട്ടവരായിരുന്നതിനാൽ കുടുംബങ്ങൾ ഈ ബന്ധത്തെ എതിർത്തു. ഇതിനിടെ ഫെബ്രുവരിയിൽ പുനീത് മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷവും ബന്ധം തുടരാൻ പുനീത് നിർബന്ധിച്ചെങ്കിലും യുവതി വിസമ്മതിച്ചു. പുനീതിൻ്റെ ശല്യം അധികമായതോടെ യുവതി ഫോൺ നമ്പർ മാറ്റി. ഇതിൽ കുപിതനായ പുനീത് കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം യുവതിയെ കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling