'അയല്‍ക്കാരന്റെ തട്ടുകടയിലെ പുകവലി, ആരോഗ്യം ക്ഷയിച്ചെ'ന്ന് വൃദ്ധയുടെ പരാതി; മനുഷ്യാവകാശ കമീഷന്‍ മറുപടി ഇങ്ങനെ




 കാസര്‍ഗോഡ്: അയല്‍വാസിയായ തട്ടുകട ഉടമയുടെ പുകവലി കാരണം തങ്ങളുടെ ആരോഗ്യം ക്ഷയിച്ചെന്ന വൃദ്ധയുടെ പരാതിയില്‍ ഇടപെടില്ലെന്ന് മനുഷ്യാവകാശ കമീഷന്‍. തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയും ചന്തേര പൊലീസും സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. 

വീടിന് മുന്നിലെ തട്ടുകടയില്‍ എത്തുന്നവരും കടയുടമയായ എം. മുകുന്ദനും പുകവലിക്കുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുയെന്നായിരുന്നു കെ.എം രാജലക്ഷ്മിയെന്ന 63കാരിയുടെ പരാതി. എന്നാല്‍ മുകുന്ദന്‍ ചക്രപാണി ക്ഷേത്രത്തിന്റെ ആല്‍മരത്തറക്ക് സമീപത്ത് നടത്തുന്ന കടയില്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നില്ലെന്നാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന ഇയാള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. ജീവിക്കാന്‍ മറ്റ് തൊഴിലുകള്‍ അറിയില്ല. 

രാജലക്ഷ്മിയുടെ വീടിന് ഈ കടയില്‍ നിന്നും 50 മീറ്റര്‍ ദൂരമുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ടെന്നും നിയമവിരുദ്ധമായ പ്രവൃത്തികള്‍ കണ്ടാല്‍ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും ചന്തേര പൊലീസ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു. തുടര്‍ന്നാണ് വിഷയത്തില്‍ ഇടപെടേണ്ടതില്ലെന്ന് കമീഷന്‍ ഉത്തരവിട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling