കരാര്‍ കാലാവധി കഴി‍ഞ്ഞാലും പ്രസവാനുകൂല്യങ്ങള്‍ നല്‍കണം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

ദില്ലി: കരാ‍ര്‍ ജീവനക്കാരുടെ പ്രസവാനൂകൂല്യത്തില്‍ നിര്‍ണായക തീരുമാനവുമായി സുപ്രീം കോടതി. കരാര്‍ കാലാവധി കഴി‍ഞ്ഞാലും പ്രസവാനുകൂല്യങ്ങള്‍ നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1961 ലെ പ്രസവാവധി ആനുകൂല്യം നിയമത്തിലെ സെക്ഷന്‍ 5 പ്രകാരം കരാര്‍ തൊഴിലാളിക്ക് സ്ഥാപനവുമായുള്ള കരാര്‍ അവസാനിച്ചാലും പ്രസവാവധിക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. പ്രസവാവധി ആനുകൂല്യങ്ങള്‍ നിഷേധിച്ചതിനെതിരെ വനിതാ ഡോക്ടര്‍ സമര്‍പ്പിച്ച പരാതിയിലാണ് നിര്‍ണായക തീരുമാനം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാര്‍. ജസ്റ്റിസ് എസ്വിഎന്‍ ഭാട്ടി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചിന്‍റേതാണ് തീരുമാനം. 11 ദിവസത്തേക്ക് മാത്രം പ്രസവാവധി ആനുകൂല്യങ്ങള്‍ നല്‍കിയതിനെ ശരിവച്ച ദില്ലി ഹൈക്കോടതി വിധിക്കെതിരെയാണ് ഡോക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കരാര്‍ കാലം അവസാനിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് ആനുകൂല്യം നിഷേധിച്ചത്. 3 മാസത്തിനുള്ളില്‍ 1961 ലെ പ്രസവാവധി ആനുകൂല്യ നിയമത്തിലെ സെക്ഷന്‍ 5 പ്രകാരമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ അത് കരാര്‍ നീട്ടിയതായി കണക്കാക്കുമെന്ന എതിര്‍വാദം തള്ളിയാണ് കോടതിയുടെ തീരുമാനം. കരാര്‍ നീട്ടാനല്ല പരാതിക്കാരി ആവശ്യപ്പെടുന്നതെന്നും അര്‍ഹതപ്പെട്ട ആനുകൂല്യമാണ് ചോദിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ദില്ലിയിലെ എന്‍സിടി യുടെ കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ കരാര്‍ അടിസ്ഥാനത്തിലെ ഡോക്ടറാണ് പരാതിക്കാരി. ജൂണ്‍ 2017ലാണ് പ്രസവാവധി ആനുകൂല്യങ്ങളുമായി പരാതിക്കാരി ആശുപത്രിയെ സമീപിച്ചത്. മെയ് 24ന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും 11 ദിവസത്തെ ആനുകൂല്യങ്ങള്‍ മാത്രമാണ് വനിതാ ഡോക്ടര്‍ക്ക് ലഭിച്ചത്. 24 മാസം കരാറിൽ ജോലിക്ക് ചെയ്ത തൊഴിലാളിക്ക്, 23ാം മാസം പ്രസവാവധിയിൽ പ്രവേശിച്ചാൽ ഒരു മാസത്തേക്ക് മാത്രമല്ല, പിന്നീടുള്ള അഞ്ച് മാസത്തേക്കും ആനുകൂല്യം നൽകണം എന്നാണ് വിധി വിശദമാക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling