നിത്യോപക സാധനങ്ങളുടെ വിലക്കയറ്റത്തില്‍ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധവുമായി ഒരു യുവാവ്



കണ്ണൂര്‍ ചെമ്പേരി സ്വദേശി ജെന്നിറ്റ് ആന്റെണിയാണ് വ്യത്യസ്ഥമായ പ്രതിഷേധവുമായി കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിളില്‍ യാത്ര നടത്തിയത്.
ശാരീരിക വ്യായാമത്തിന് ഒപ്പം കേരളത്തിലെ എല്ലാ ജില്ലകളിലും തന്റെ പ്രതിഷേധം നേരിട്ടെത്തി അറിയിക്കുക എന്ന ദൃഢനിശ്ചയവുമാണ് ഈ യുവാവിനെ ആള്‍ കേരള സൈക്കിള്‍ റൈഡിന് പ്രേരിപ്പിച്ചത്. സാധാരണ ജനവിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ജനസമൂഹം അനുഭവിക്കുന്ന വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ അധികാരികള്‍ക്ക് മുന്നിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യവുമായാണ് ജെന്നിറ്റ് യാത്ര ആരംഭിച്ചത്. ജനങ്ങളുടെ പ്രയാസങ്ങള്‍ ജെന്നിറ്റിലൂടെ ഭരണകര്‍ത്താക്കളിലേക്ക് എത്തിക്കാനുള്ള യാത്രയില്‍ എല്ലാ ജില്ലകളില്‍ നിന്നും പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചിലയിടങ്ങളില്‍ സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധമാണെന്ന് തെറ്റദ്ധരിച്ച് കൈയ്യേറ്റ ശ്രമങ്ങളും നടന്നിരുന്നു. അതിനെയെല്ലാം തരണം ചെയ്താണ് തിരുവനന്തപുരത്തേക്ക് ജെന്നിറ്റ് പ്രയാണം തുടര്‍ന്നത്. ജൂലൈ 1 ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര ആഗസ്റ്റ് 1 തിരുവന്തപുരത്ത് അവസാനിച്ചു. എല്ലാ ജില്ലകളിലും വിവിധ ദിവസങ്ങള്‍ ചെലവഴിച്ചാണ് സൈക്കിള്‍ യാത്ര നടത്തിയത്. പെട്രോള്‍ പമ്പുകളില്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നടത്തിയും ആരാധനാലയങ്ങളില്‍ രാത്രികാലങ്ങളില്‍ വിശ്രമിച്ചുമാണ് ദിവസങ്ങള്‍ മുന്നോട്ട് നീങ്ങിയത്. വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ 1000 രൂപ മാത്രമാണ് ആകെ ഉണ്ടായിരുന്നത്. വിലക്കയറ്റം മൂലം ബുദ്ധിമുട്ടിയിരുന്ന ജനങ്ങള്‍ ജെന്നിറ്റിന്റെ ലക്ഷ്യത്തിനായി കൂടെ നിന്നു. ഭക്ഷണവും വെള്ളവും ചെറിയ തുകകള്‍ നല്‍കിയും അപരിചിതരായ വിവിധ ജില്ലക്കാര്‍ യാത്രയെ സഹായിച്ചു. നല്ല ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ച ജെന്നിറ്റിന് പൂര്‍ണ്ണ പിന്തുണയും സഹായങ്ങളുമായി കുടുംബാഗങ്ങളും നാട്ടുകാരും ഒപ്പമുണ്ടായിരുന്നു. ഇരിക്കൂര്‍ എംഎല്‍എ അഡ്വ. സജീവ് ജോസഫ് യാത്രയ്ക്ക് എല്ലാ പിന്തുണയും നല്‍കി. തിരുവനന്തപുരത്ത് എത്തിയ ജെന്നിറ്റ് ആന്റെണി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ നേരിട്ട് കണ്ട് നിവേദനം നല്‍കി , ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിച്ചാണ് തിരികെ നാട്ടിലേക്ക് പുറപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling