സ്ഥാനാർഥികൾക്ക് ആശ്വസിക്കാൻ ഒരു കാരണം! പുതുപ്പള്ളി ചിത്രം തെളിയുമ്പോൾ ആ വലിയ വെല്ലുവിളി 'അപരൻ' ഇക്കുറിയില്ല

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാ‍ർത്ഥി ചിത്രം തെളിയുമ്പോൾ പ്രമുഖ സ്ഥാനാർഥികൾക്കെല്ലാം ആശ്വസിക്കാം. പല തെരഞ്ഞെടുപ്പുകളിലും നിർണായകമായിട്ടുള്ള 'അപര' ഭയം ഇല്ലാതെ ഇക്കുറി പോരാട്ടത്തിനിറങ്ങാം എന്നതാണ് പ്രമുഖ സ്ഥാനാർഥികൾക്ക് തെല്ല് ആശ്വാസമാകുമെന്നുറപ്പ്. പല തെരഞ്ഞെടുപ്പുകളിലും പ്രമുഖരുടെയടക്കം വീഴ്ചയ്ക്ക് അപരൻമാരുടെ സാന്നിധ്യം കാരണമായിട്ടുണ്ടെന്ന ചരിത്രം, എപ്പോഴും നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിക്കുന്നതുവരെ മുന്നണികൾക്ക് തലവേദനയുണ്ടാക്കുന്നതാണ്. അപരന്‍റെ കയ്പ്പ് ഏറ്റവും അറിയുന്ന നേതാവ് ഒരു പക്ഷേ വി എം സുധീരനാകും. 2004 ൽ ഇടതു മുന്നണി സ്ഥാനാ‍ർത്ഥി ഡോ. കെ എസ് മനോജ് വിജയ ചെങ്കൊടി പാറിച്ചപ്പോൾ അതിൽ സുധീരന്‍റെ അപരൻ നേടിയ വോട്ടുകൾക്ക് വലിയ പ്രസക്തി ഉണ്ടായിരുന്നു. എന്തായാലും അത്തരം ഒരു അപരൻ എഫക്ടിനെയും ഭയപ്പെടാതെ തന്നെ സ്ഥാനാർഥികൾക്ക് ഗോദയിൽ പൊരുതാം എന്നതാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ആശ്വാസം. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയ പരിധി അവസാനിച്ചപ്പോൾ 10 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. അതിൽ പ്രമുഖരുടെ പേരിനോട് സാമ്യമുള്ള ഒരാൾ പോലുമില്ലെന്നതാണ് യാഥാർത്ഥ്യം. ആറ് സ്വതന്ത്രരടക്കമുള്ള 10 പേരാണ് പുതുപ്പള്ളിയിൽ പത്രിക നൽകിയിട്ടുള്ളത്. നാളെയാണ് സൂക്ഷ്മ പരിശോധന. 21 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ടാകും. അതിന് ശേഷമാകും യഥാർത്ഥ ചിത്രം തെളിയുക. യു ഡി എഫിനായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് കളത്തിലെത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയോട് പൊരുതിയ മുൻ എസ് എഫ് ഐ സംസ്ഥാന അധ്യക്ഷനും ഡി വൈ എഫ് ഐ നേതാവുമായ ജെയ്ക്ക് സി തോമസാണ് ഇടതു പക്ഷത്തിനായി ഇക്കുറിയും കളത്തിൽ. ബി ജെ പി നേതാവ് ലിജിൻ ലാലാണ് എൻ ഡി എ സ്ഥാനാർഥി. ലൂക്ക് തോമസാണ് ആപ് സ്ഥാനാർഥി. ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസിന്റെ ഡമ്മിയായി സി പി എം നേതാവ് റെജി സഖറിയയും പത്രിക നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling