ഒരാളെ പുകഴ്ത്തിയതിന്റെ പേരിൽ ആരെയും പിരിച്ചുവിടില്ല’; പി ഓ സതിയമ്മയുടെ വാദം പരിഹാസ്യമെന്ന് എം ബി രാജേഷ്

പി ഓ സതിയമ്മയുടെ വാദം പരിഹാസ്യമെന്ന് മന്ത്രി എം ബി രാജേഷ്. ഒരാളെ പുകഴ്ത്തിയതിന്റെ പേരിൽ ആരെയും പിരിച്ചുവിടില്ല. പുതുപ്പള്ളിയിൽ തെരെഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം വാദങ്ങൾ വന്നുകൊണ്ടേയിരിക്കും. ഇതിനെ നിഷ്ക്കളങ്കമായി കാണുന്നില്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. പി ഓ സതിയമ്മയുടെ തൊഴിൽ കാലാവധി കഴിഞ്ഞെന്നും മറ്റൊരാളെ പകരം നിയമിച്ചുവെന്നും മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു. കാലാവധി കഴിഞ്ഞിട്ടും അവർ ജോലിക്ക് വന്നിരുന്നുവെന്നും മന്ത്രി പറഞ്ഞു. കൈതേപ്പാലം മൃഗാശുപത്രിയിൽ താത്ക്കാലിക ജീവനക്കാരിയായ പുതുപ്പള്ളി സ്വദേശിയാണ് പി.ഒ സതിയമ്മയ്ക്കാണു ജോലി നഷ്ടമായത്. ചാനൽ റിപ്പോർട്ടർമാരോട് ഉമ്മൻ ചാണ്ടി ചെയ്ത സഹായങ്ങളെക്കുറിച്ചു പങ്കുവച്ചതിനാണു നടപടിയെന്നാണ് ആരോപണം. 13 വർഷമായി മൃഗാശുപത്രിയിൽ സ്വീപ്പറാണ് സതിയമ്മ. ഒരു നോട്ടിസും അറിയിപ്പുമില്ലാതെയാണു നടപടിയെന്നും പരാതിയുണ്ട്. ഇനി ജോലിക്കു വരേണ്ടതില്ലെന്ന് ഡി.ഡി വഴി അറിയിക്കുകയായിരുന്നുവെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടി ചെയ്ത സഹായങ്ങൾ മാത്രമാണ് താൻ മാധ്യമങ്ങളോട് പങ്കുവച്ചത്. മകന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തുതന്നത് അദ്ദേഹമായിരുന്നു. മകളുടെ കല്യാണത്തിനും സഹായിച്ചു. ഈ ഉപകാരങ്ങളെക്കുറിച്ചു മാധ്യമങ്ങളോട് പറഞ്ഞതിനാണു നടപടിയെന്നു സംശയിക്കുന്നതായും സതിയമ്മ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling