ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; കുട്ടിയുടെ ചിത്രം പ്രചരിപ്പിക്കരുതെന്ന് പോക്സോ കോടതി

കൊച്ചി: ആലുവയിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി. ഇരയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സമൂഹമാധ്യമങ്ങളിലടക്കമുള്ള ചിത്രങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി. പ്രതി അസഫാക് ആലത്തിനായുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിച്ചശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നതിന്റെ സാംഗത്യമെന്തെന്നും കോടതി ചോദിച്ചു. പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും കോടതി നിർദേശം നൽകി. അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം ദില്ലിയിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയിലിലായിട്ടുണ്ടെന്ന് പോലീസ്. ദില്ലി ഗാസിപൂരിലെ പോക്സോ കേസിൽ ഒരുമാസം തടവിൽ കഴിഞ്ഞതിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ആലുവ സബ് ജയിലിൽ കഴിയുന്ന പ്രതിയുടെ തിരിച്ചറിയിൽ പരേഡ് ഇന്ന് പൂർത്തിയായി. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ കൊടും ക്രിമിനൽ ആണ് അസഫാക് ആലം എന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. 2018ൽ ദില്ലി ഗാസീപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തിൽ മൊബൈൽ മോഷണ കേസിലും പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിർമ്മാണ ജോലിക്ക് പോയിരുന്നത് അപൂർവ്വമായി മാത്രമാണെന്നും പോലീസ് പറയുന്നു പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ കൂടുതൽ കേസിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. ഇതിനായി കേരളത്തിൽ നിന്നുള്ള സംഘം വരും ദിവസം ബിഹാറിൽ അടക്കം പോകും. അതേസമയം അസഫാക് ആലത്തിന്‍റെ തിരിച്ചറിയൽ പരേഡും ഇന്ന് പൂർത്തിയായി. ആലുവ മാർക്കറ്റിലെ തൊഴിലാളി താജുദ്ദീൻ, കുട്ടിയുമായി സഞ്ചരിച്ച് കെ.എസ്ആർടിസി ബസ്സിലെ കണ്ടക്ടർ സന്തോഷ്, യാത്രക്കാരി സ്മിത അടക്കമുള്ളവരാണ് ആലുവ ജയിലിലെത്തി പ്രതിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയം കുട്ടിയുടെ അച്ഛനടക്കം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അത്തരം കാര്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത് ഇക്കാര്യത്തിൽ വ്യക്തതയുണ്ടാക്കാനാണ് പോലീസ് നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling