വീണ്ടും മരണ ഹബ്ബായി എന്‍ട്രന്‍സ് കോച്ചിങ് സിറ്റി; കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

 ജയ്പൂര്‍: മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന മഹാരാഷ്ട്ര സ്വദേശി അവിഷ്കർ സംബാജി കാസ്ലെ, ബിഹാര്‍ സ്വദേശി ആദർശ് രാജ് എന്നീ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ഇതോടെ ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം 23 ആയി.

പ്രതിവാര ടെസ്റ്റ് എഴുതിയതിനു പിന്നാലെയാണ് ഇരു വിദ്യാര്‍ഥികളും ജീവനൊടുക്കിയത്. ടെസ്റ്റ് കഴിഞ്ഞ് മിനിറ്റുകൾക്ക് ശേഷം കോച്ചിങ് സെന്‍ററിന്‍റെ ആറാം നിലയിൽ നിന്ന് ചാടിയാണ് അവിഷ്കർ ആത്മഹത്യ ചെയ്തത്. കോച്ചിങ് സെന്‍ററിലെ ജീവനക്കാർ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു ആത്മഹത്യ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പ്ലസ് ടു പഠനത്തിനൊപ്പം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ആദര്‍ശ് രാജിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.  

കോച്ചിങ് സെന്‍ററുകളിലെ പ്രതിവാര ടെസ്റ്റുകള്‍ വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലും നിരാശയിലുമാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആഴ്ച ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടുമാത്രം ജീവന്‍ രക്ഷിക്കാനായി. അടുത്ത രണ്ട് മാസത്തേക്ക് ടെസ്റ്റുകൾ നടത്തരുതെന്ന് കോട്ടയിലെ കോച്ചിങ് സെന്‍ററുകള്‍ക്ക് കലക്ടര്‍ ഒ പി ബങ്കര്‍ കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കണമെന്നും നിരീക്ഷണം വേണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

അതിനിടെ കുട്ടികളുടെ മാനസിക സമ്മര്‍ദം പരിഹരിക്കുന്നതിനു പകരം ആത്മഹത്യ തടയാന്‍ മറ്റു വഴികളാണ് അധികൃതര്‍ ആവിഷ്കരിച്ചിരിക്കുന്നത്. വർധിച്ചു വരുന്ന വിദ്യാർഥി ആത്മഹത്യ ചെറുക്കാന്‍ സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കുകയാണ് കോട്ട ഭരണകൂടം. കൂടുതൽ പേരും ഫാനിൽ തൂങ്ങിമരിക്കുന്നതിനാലാണ്  ഹോസ്റ്റലുകളില്‍ സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇത്തരം ഫാനുകളില്‍ കുരുക്കിട്ട് തൂങ്ങാന്‍ ശ്രമിച്ചാല്‍ സ്പ്രിങ് ഫാനിനെ താഴേക്ക് വലിക്കും.

കെട്ടിടങ്ങളില്‍ നിന്ന് ചാടി ആത്മഹത്യചെയ്യുന്നത് തടയാന്‍ ഹോസ്റ്റലുകളുടെ ബാല്‍ക്കണികളില്‍ ഉരുക്കു വലകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കഴിഞ്ഞ ദിവസം തുടങ്ങി. താഴേക്ക് ചാടുന്നവരെ പരിക്കേല്‍ക്കാതെ രക്ഷിക്കാന്‍ രക്ഷാകവചമായി 150 കിലോഗ്രാം വരെ ഭാരം താങ്ങുന്ന കൂറ്റന്‍ വലകളും സ്ഥാപിക്കുന്നുണ്ട്. 

മത്സര പരീക്ഷകളുടെ പഠനഭാരത്തെ തുടര്‍ന്നുള്ള മാനസിക സമ്മർദത്താലാണ് വിദ്യാർഥികൾ ജീവനൊടുക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ പ്രതിവര്‍ഷം 2 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കോട്ടയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം 15 വിദ്യാര്‍ഥികളാണ് കോട്ടയില്‍ ജീവനൊടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍

Travelling